Latest NewsKerala

ഫ്രൂട്ടിയിൽ കൂടിയ അളവിൽ മദ്യം കലർത്തി കുടിപ്പിച്ചു, ആലുവയിലെ 5 വയസുകാരിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ

കൊച്ചി: ആലുവയിൽ അ‍ഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റെക്കോർ‍‍‍‍ഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പെൺകുട്ടിയെ കൊലപ്പെടുത്തിയത് പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പൊലീസ് സംഘം ബിഹാറിലും ഡൽഹിയിലും അസ്‌ഫാക് ആലത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇയാൾ ഡൽഹിയിൽ മറ്റൊരു പോക്സോ കേസിൽ പ്രതിയാണെന്നും അവിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്കു കടന്നതാണെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതി സമാന കുറ്റകൃത്യങ്ങൾ തുടർച്ചയായി ചെയ്യുന്നതിനാൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പറയേണ്ടതു സാമൂഹിക സുരക്ഷയ്ക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുടെ വിചാരണക്കോടതിയായ എറണാകുളം പോക്സോ പ്രത്യേക കോടതിയിലാണ് എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 35 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ജൂലൈ 28നാണു അസ്ഫാക് ആലം പെൺകുട്ടിയെ പീ‍ഡിപ്പിച്ചു കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കാണാതായ അന്നു രാത്രി 9നു തന്നെ അസ്ഫാക്കിനെ പൊലീസ് പിടികൂടിയതും 15 ദിവസത്തിനുള്ളിൽ 99 സാക്ഷികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയതുമാണ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായത്.

തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിനു പിന്നിലെ മാലിന്യങ്ങൾക്കിടയിൽ കൊന്നു ചാക്കിൽ കെട്ടിയ നിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിലയിരുത്തി 645 പേജുള്ള കുറ്റപത്രമാണു കോടതിയിൽ സമർപ്പിച്ചത്. ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ അടക്കം 62 തൊണ്ടി സാധനങ്ങളും കോടതിക്ക് ഇന്നലെ കൈമാറി. 90 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രോസിക്യൂഷന്റെ പ്രതീക്ഷ.

ഡിവൈഎസ്പി പി.പ്രസാദ്, ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന പ്രത്യേക സംഘമാണു കേസന്വേഷിച്ചത്. വിസ്‌മയ, ഉത്ര കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ജി.മോഹൻരാജാണ് ഈ കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ. കേസിന്റെ വിചാരണ ആലുവ പോക്സോ പ്രത്യേക കോടതിയിലേക്കു മാറ്റിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button