KeralaLatest News

മക്കളുമൊത്ത് കിണറ്റിൽചാടവേ കുതറിമാറിയതോടെ മൂത്തകുട്ടി രക്ഷപ്പെട്ടു, ജീവൻ നഷ്ടമായത് 4വയസുകാരന് മാത്രം: രമ്യക്കെതിരെ കേസ്

തിരുവനന്തപുരം: നാല് വയസുകാരനായ മകനെയും കൊണ്ട് തിരുവനന്തപുരം ആറ്റിങ്ങലിൽ കിണറ്റിൽ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത് ആറ്റിങ്ങൽ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ്. രമ്യ കിണറ്റിൽ ചാടിയത് നാല് വയസുകാരനായ മകൻ അഭിദേവുമായിട്ടാണ്. ഇരുവരെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും അതിനോടകം കുട്ടി മരണപ്പെട്ടിരുന്നു. രമ്യയെ തലയ്ക്ക് ഗുരുതരമായി പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുള്ള മൂത്ത കുട്ടിയേയും ഇളയ മകൻ അഭിദേവിനെയും കൊണ്ടാണ് രമ്യ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. കുതറി മാറി രക്ഷപ്പെട്ടതിനാൽ മൂത്ത കുട്ടി കിണറ്റിൽ വീണില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടന്‍ ഫയർഫോഴ്സിനെ അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് രമ്യയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയെ രക്ഷിക്കാനായില്ല. മാമം സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് രമ്യ. ഇരുവരും ആറ്റിങ്ങലിൽ ഒരു വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരായിരുന്നു.

ഇന്ന് രമ്യ ജോലിക്ക് പോയിരുന്നില്ല. രാജേഷ് ജോലിക്ക് പോയതിന് പിന്നാലെയാണ് രമ്യ കിണറ്റിൽ ചാടിയത്. രാവിലെ ജോലിക്ക് പോകാനായി രമ്യയെ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്ന് പറയുകയും തുടർന്ന് കിണറ്റിൽ ചാടുകയുമായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജേഷിനെ വിശദമായി ചോദ്യം ചെയ്തെന്നും കുടുംബ പ്രശ്നങ്ങൾ ആയിരിക്കാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button