തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാർ ഐഎച്ച്ആര്‍ഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ. നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്.
സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതല്ലാതെ ഇത് വരെ നന്ദകുമാറിനെ ചോദ്യം ചെയ്തില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് നന്ദകുമാറിന് പുനർ നിയമനം നൽകിയത് എന്നാണ് ഉയരുന്ന ആരോപണം. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.
നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അവരെങ്കിലും അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നത്. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായാണ് അച്ചു ഉമ്മന്റെ പരാതി. പരാതിയിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെയായിരുന്നുവെന്നും ആക്രമണം തുടർന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.
Post Your Comments