കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി. കെ.ഇ. ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.
വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായിട്ടുള്ള ഇയാൾ ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിൽ വിരുതനാണെന്ന് പൊലീസ് പറഞ്ഞു. വിചാരണ നടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും കവർച്ചാ കേസുകളാണ്. ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു വർഷം തടവ് ശിക്ഷ കിട്ടിയ ഇയാൾ അപ്പീൽ ജാമ്യത്തിലാണുള്ളത്. ആ കേസിൽ ഈയിടെ പൊലീസിന് നേരെ വടിവാൾ വീശിയ സംഘത്തിൽ പെട്ട മുഹമ്മദ് സുറാക്കത്താണ് കൂട്ടുപ്രതി.
Read Also : ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം
ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. രാജ്പാൽമീണ ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കലക്ടറാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഫോൺ ഉപയോഗിക്കാറില്ലാത്ത ഇയാളെ രണ്ടു ദിവസത്തോളം വീടിന്റെ പരിസരത്ത് നിരീക്ഷിച്ച് പ്രതിയെത്തിയ ഉടനെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവൺമെന്റ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ജില്ലാ പൊലീസ് മേധാവികൾക്ക് ആയതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിരവധി പേർക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, അർജുൻ.എ.കെ., നല്ലളം സ്റ്റേഷനിലെ എസ്.സി.പി.ഒ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Post Your Comments