Latest NewsIndiaNews

ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലം, കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത് മൂന്ന് തവണ

ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത് മൂന്ന് വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് വൈഷ്ണവ് ആണ്. വൈഷ്ണവിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ദേവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് വൈഷ്ണവ് സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ച തര്‍ക്കം ഉണ്ടാവുകയും പിന്നാലെ വൈഷ്ണവ് കുക്കറുകൊണ്ട്  ദേവയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Read Also: ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകള്‍ കുട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം

കൊല്ലത്തെ ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനായ വൈഷ്ണവും തിരുവനന്തപുരത്തെ ഒരു ടെക്‌സ്‌റ്റൈല്‍സ് ഉടമയുടെ മകളായ ദേവയും പൊതുസുഹൃത്തുക്കള്‍ വഴി കോളേജ് പഠനകാലത്താണ് കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും ബെംഗളൂരുവില്‍ ജോലി കിട്ടിയ ശേഷം മൂന്ന് വര്‍ഷത്തോളമായി ന്യൂ മൈക്കോ ലേ ഔട്ടിലെ ഒരു വീട്ടില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. കോറമംഗലയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീമിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇരുവരും വര്‍ക്ക് ഫ്രം ഹോമായിരുന്നു.

ദേവയുടെ സഹോദരിയും കുടുംബവും ബെംഗളൂരുവിലുണ്ട്. കൊലപാതകം നടന്ന ശനിയാഴ്ച രാവിലെ ഇരുവരും സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നുവെന്നും, കുടുംബങ്ങളിടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സഹോദരി നല്‍കിയിരിക്കുന്ന മൊഴി. ദേവ മറ്റൊരു ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നതിലെ ദേഷ്യമാണ് വഴക്കിലേക്ക് നയിച്ചത്. ദേവയ്ക്ക് ഈ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വൈഷ്ണവ് നിരന്തരം വഴക്കിട്ടിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്.

സഹോദരിയുടെ ഫ്‌ളാറ്റില്‍ നിന്ന് തിരികെയെത്തി, വൈകിട്ട് നാല് മണിയോടെയാണ് വൈഷ്ണവ് ദേവയെ ആക്രമിക്കുന്നത്. അടുക്കളയില്‍ ചോറ് വച്ചിരുന്ന കുക്കറില്‍ നിന്ന് ഭക്ഷണം മാറ്റിയാണ് വൈഷ്ണവ് ദേവയുടെ തലയ്ക്ക് അടിച്ചത്. മൂന്ന് തവണ കുക്കറിന്റെ സ്റ്റീം വെന്റ് കൊണ്ട് തലയ്ക്കടിയേറ്റ് ദേവ രക്തം വാര്‍ന്നാണ് മരിച്ചത്. ദേവയെ ആക്രമിച്ച ശേഷം വൈഷ്ണവ് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. സഹോദരി പല തവണ ദേവയുടെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ അയല്‍ക്കാരോട് പോയി നോക്കാന്‍ പറഞ്ഞപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button