ജയിലർ സിനിമയിൽ നിന്നും ആർ.സി.ബിയുടെ ജേഴ്‌സി നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ

ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊലയാളി RCB ജഴ്‌സിയണിഞ്ഞതിന്റെ ദൃശ്യം മാറ്റാൻ ‘ജയിലർ’ ടീം. രജനികാന്ത് നായകനായ ജയിലർ സിനിമയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്സി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഈ നീക്കം. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’ ഒന്നിനുപുറകെ ഒന്നായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഒരു കരാർ കൊലയാളി ആർ‌സി‌ബി ജേഴ്‌സി ഉപയോഗിക്കുന്ന രംഗമാണ് ചിത്രത്തിലുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിബി അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ‘ജയിലർ’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിൽ, ഒരു കരാർ കൊലയാളി, RCB ജേഴ്‌സി ധരിച്ച്, ഒരു സ്ത്രീയോട് ലൈംഗികത നിറഞ്ഞ ഡയലോഗ് പറയുന്നുണ്ട്. ‘ജയിലർ’ ടീമിന് അവരുടെ ജേഴ്‌സി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചില്ലെന്നും ഈ രംഗം ബ്രാൻഡിനെ ബാധിക്കുമെന്നും ആർസിബിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ വാദിച്ചിരുന്നു.

കോടതിക്ക് പുറത്ത് വിഷയം പരിഹരിക്കുമെന്ന് ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. ഡിജിറ്റലായി സീൻ മാറ്റുമെന്ന് ‘ജയിലർ’ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. സെപ്തംബർ ഒന്നിനകം മാറ്റം വരുത്തുമെന്ന് ‘ജയിലർ’ പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴ്‌സ് കോടതിയെ അറിയിച്ചു. മാറ്റം വരുത്തിയ ദൃശ്യങ്ങളുള്ള ചിത്രം ടിവിയിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും സംപ്രേക്ഷണം ചെയ്യുമെന്നും അവർ ഉറപ്പുനൽകി.

Share
Leave a Comment