യുവനടന്മാരായ ശ്രീനാഥ് ഭാഷയുടെയും ഷെയ്ൻ നിഗത്തിന്റെയും വിലക്കുകൾ നീക്കി സിനിമാ സംഘടനകൾ. സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യം ഇരുവരും അംഗീകരിക്കുകയായിരുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന് മാപ്പപേക്ഷ നൽകുകയും ഷെയ്‍ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തതോടെയാണ് ഇരുവരുടെയും വിലക്കുകൾ നീക്കിയത്. രണ്ട് സിനിമകൾക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാൻസ് തിരികെ നൽകും.
ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സഹ അഭിനേതാക്കൾക്കും സാങ്കേതിക കലാകാരന്മാർക്കും നിർമാതാക്കൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു നടപടി. താരസംഘടനയായ അമ്മ, സാങ്കേതിക കലാകാരന്മാരുടെ ഫെഡറേഷനായ ഫെഫ്ക, നിർമാതാക്കളുടെ സംഘടന എന്നിവയുടെ സംയുക്തയോഗമാണ് തീരുമാനമെടുത്തത്.
ഇരുവർക്കും തിരുത്താനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നതെന്ന് സിനിമാസംഘടനകളുടെ ഭാരവാഹികളായ ബി ഉണ്ണിക്കൃഷ്‌ണൻ, സിയാദ് കോക്കർ, എം രഞ്ജിത്, ഇടവേള ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇരുവർക്കും പൂർത്തിയാക്കാമെന്നും പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത് വാർത്താസമ്മേളനത്തിൽ അന്ന് പറഞ്ഞത്.
Post Your Comments