ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് ബി.ജെ.പി ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്തു. എക്സിൽ ബി.ജെ.പി പോസ്റ്റ് ചെയ്ത കാർട്ടൂണിൽ, രാഹുൽ ഗാന്ധി ഒരു വിമാനം പറപ്പിക്കുന്നതായി കാണിക്കുന്നു. ഒപ്പം ചിത്രത്തിന് ‘പുതിയ (പഴയത്) ഹോട്ട് എയർ ഇന്ത്യ- ദുരന്തത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ്’ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയെക്കുറിച്ച് സംസാരിച്ച അശോക് ഗെലോട്ട്, ചർച്ചകൾക്ക് ശേഷം എല്ലാ പാർട്ടികളും ചേർന്ന് എടുത്ത തീരുമാനമാണിത് എന്നായിരുന്നു പ്രഖ്യാപിച്ചത്.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഗെലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത് എന്നും വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെലോട്ട് പറഞ്ഞിരുന്നു.
Post Your Comments