തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹൃദ്യമായ ഓണാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണർത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നൽകുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാമെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓണം ഐശ്വര്യപൂർണമാക്കാൻ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് വേണ്ടതൊക്കെ ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണാശംസ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും അദ്ദേഹം അറിയിച്ചു.
സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക. കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കൽപം പകർന്നു തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർനിർമ്മിക്കലാണ്. ഇന്ന് കേരള സർക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കൽപമാണ്. ആ നവകേരള സങ്കൽപമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി പുനരർപ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
Post Your Comments