
ഹരിയാനയിലെ നൂഹിൽ ഘോഷയാത്ര നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഈ പ്രദേശം തകർക്കപ്പെടുമെന്നും അങ്ങനെ സംഭവിച്ചാൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ മാത്രമാകും ഉത്തരവാദിയെന്നും ഒവൈസി അറിയിച്ചു. ഹരിയാന സർക്കാരിന്റെ ഉത്തരവുകൾക്കെതിരെ മഹത്തായ ഘോഷയാത്ര സംഘടിപ്പിക്കുമെന്ന വിഎച്ച്പിയുടെ ഭീഷണിക്ക് മുന്നിൽ സർക്കാർ കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഘോഷയാത്രയിൽ മുസ്‌ലിംകൾ ആക്രമിക്കപ്പെടുമെന്ന് സർക്കാരിന് മുൻപ് തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ മുസ്‌ലിംകൾക്കെതിരെ ഏകപക്ഷീയമായ നിയമനടപടികൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഈ ഉത്തരവുകൾക്കെതിരെ പോകാൻ വി.എച്ച്.പിക്കാർ ധൈര്യപ്പെടുമായിരുന്നില്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു. വി.എച്ച്.പിക്കാർക്ക് മുന്നിൽ ബി.ജെ.പി നിസ്സഹായരാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം എക്‌സിൽ എഴുതി.
അതേസമയം, നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്. ജൂലായ് 31ന് ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments