മനുഷ്യ ജന്മം എടുത്ത ഏവരും നന്മകൾ ആഗ്രഹിക്കുന്നു. നന്മകൾ ലഭിക്കുവാൻ ഈശ്വരാനുഗ്രഹം വേണം ജഗദ് പിതാവായ ശ്രീ പരമേശ്വരനും ജഗന്മാതാവായ പരാശക്തിയും പല അവതാരങ്ങൾ സ്വീകരിച്ച് സ ജ്ജ നങ്ങളായ മാനവരെ പല വിധത്തിലും അനുഗ്രഹിക്കുന്നു. ശിവഭഗവാന്റെ അനുഗ്രഹത്താൽ പതിനെട്ട് പുരാണങ്ങളും രചിച്ച ശ്രീവ്യാസ ദേവൻ… ശ്രീമദ് ദേവീ ഭാഗവതത്തിൽ കൂടി പരാശക്തിയുടെ അവതാരങ്ങളും മഹാത്മ്യവും വിശദീകരി ക്കുന്നു. പ്രസ്തുത വിശിഷ്ട കൃതിയിലെ ഒൻപതാം സ്കന്ധത്തിൽ പ്രകീർത്തിക്കുന്ന അവതാരമാണ് ഷഷ്ടീ ദേവിയുടെ അവതാരം. രോഗബാധിതരായ സന്താനങ്ങൾ ഉള്ളവരും സന്താന സൗഭാഗ്യം ഇല്ലാത്തവരും ആയ അനേകമാളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് അനുഗ്രഹവും ആശ്വാസവും നൽകുന്നതാണ് ഷഷ്ടി ദേവിയുടെ ചരിതം. ‘ദേവസേന’ എന്ന മറ്റൊരു നാമം കൂടിയുള്ള ഷഷ്ഠി ദേവിയുടെ ധ്യാനശ്ലോകം ചുവടെ ചേർക്കുന്നു.
ശ്വേത ചമ്പക വർണ്ണാ ഭാം
രത്ന ഭൂഷണ ഭൂഷിതാം
പവിത്ര രൂപാം പരമം
ദേവസേനാം പരാം ഭ ജേ
ബ്രഹ്മദേവന്റെ മനസിൽ നിന്ന് ആദി പരാശക്തിയുടെ ഷഷ്ഠാംശമായി ഷഷ്ഠി ദേവി അവതരിച്ചു (ഷഷ്ഠo = ആറ് ). ഉടൻ തന്നെ വിധാതാവ് ദേവിയെ സുബ്രഹ്മണ്യന് നൽകി. അങ്ങനെ ദേവി സ്കന്ദപത്നിയായി ഭവിച്ചു. അസുരന്മാർ ദേവന്മാരെ പീഡിപ്പിക്കുമ്പോഴെല്ലാം അവർക്ക് ജയം ഉണ്ടാകുവാൻ സഹായിക്കുന്നത് ദേവസേനയാണ് മൂല പ്രകൃതിയായ ദേവിയുടെ ഷഷ്ഠാംശമായി അവതരിച്ചത് കൊണ്ട് ഷഷ്ഠി ദേവി എന്ന നാമവും സിദ്ധിച്ചു. ഈ ദേവി ശിശുക്കളുടെ ദേവിയാണ് . മാതാവിനെ പോലെ ശിശുക്കളെ ലാളിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദേവി ആയുസും പ്രദാനം ചെയ്യുന്നു. യോഗത്താൽ സിദ്ധയോഗിനിയാണ് ദേവി. ഈ കാര്യങ്ങളെല്ലാം ദേവി തന്നെ അരുളിയിട്ടുള്ളതാണ്.
കൂടാതെ ഏതാനും തത്വങ്ങളും ഉപദേശിച്ചു.
‘സുഖദു:ഖങ്ങളും സന്തോഷസന്താപങ്ങളും ഉണ്ടാകുന്നത് സ്വന്തം കർമ്മങ്ങളിൽ നിന്നാണ് പുത്രന്മാർ ഉണ്ടാവുന്നതും ഇല്ലാതെയാവന്നതും വംശഹീനത്വം സംഭവിക്കുന്നതും കർമ്മ ഫലത്താലാണ്. കർമ്മം കൊണ്ട് സദ്ഗുണ സമ്പന്നനാകാം. കർമ്മം കൊണ്ട് അംഗഹീനനും ആകാം. രൂപം, ധർമ്മം, രോഗം, വ്യാധി ആരോഗ്യം എന്നിവയെല്ലാം കർമ്മത്താൽ ഉണ്ടാകുന്നു.
ഷഷ്ടി ചരിതം ദേവിയിൽ നിന്ന് തന്നെ മനസിലാക്കിയത് സ്വയം ഭൂമനുവിന്റെ പുത്രനായ പ്രിയവ്രതനാണ്. ഇദ്ദേഹത്തെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിൽ പ്രകീർത്തിക്കുന്നുണ്ടെങ്കിലും ഈ അനുഭവ കഥ അതിൽ പ്രസ്താവിച്ചിട്ടില്ല. പ്രിയവ്രതൻ തപസ്വി യായിരുന്നു. അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ല. എന്നാൽ ബ്രഹ്മാവിന്റെ നിർദ്ദേശ പ്രകാരo അദ്ദേഹത്തിന് വിവാഹം കഴിക്കേണ്ടതായി വന്നു. ഏറെക്കാലം കഴിഞ്ഞിട്ടും സന്താന സൗഭാഗ്യം ലഭിച്ചില്ല അതിനാൽ കശ്യപമുനിയെ കൊണ്ട് പുത്ര കാമേഷ്ടി ചെയ്യിച്ചു. യജ്ഞപായസം കഴിച്ച രാജപത്നി ദിവ്യ ഗർഭം ധരിച്ചു. പ്രസവിച്ചപ്പോൾ ശിശുവിന് ജീവനില്ലായിരുന്നു. മാതാപിതാക്കൾ ദുഃഖത്തിലാണ്ടു. തപസ്സ് ചെയ്തതിന്റെ പുണ്യങ്ങളോന്നും രാജാവിന് ആശ്വാസമേകിയില്ല. ശിശുവിന്റെ മൃതദേഹവും എടുത്ത് അദ്ദേഹം ശ്മശാനത്തിൽ എത്തി വിലപിച്ചു കൊണ്ടിരുന്നു. സ്വന്തം ജീവൻ പോലും ത്യജിക്കുവാൻ തയ്യാറായി.പെട്ടെന്ന് മനോഹരമായ രത്നങ്ങളാൽ നിർമ്മിതമായ ഒരു രഥം രാജാവിന്റെ മുന്നിൽ വന്നു. വെള്ള പളുങ്കിന്റെ ഭംഗിയുള്ളതും നാനാ ചിത്രങ്ങളും പൂമാലകളും കൊണ്ട് അലങ്കരിച്ചിട്ടുള്ളതും ആയിരുന്നു, മനോഹരമായ ആ വാഹനം.
വിമാനത്തിന്റെ ഉള്ളിൽ ചെമ്പകപ്പൂവിന്റെ നിറമുള്ള സുന്ദരിയായ ദേവിയെ കണ്ടപ്പോൾ രാജാവ് ശിശുവിനെ താഴെ കിടത്തിയതിനു ശേഷം പൂജിച്ചു. അതീവ തേജസോടു കൂടിയ ദേവിയെക്കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ചു. അപ്പോൾ ദേവി തന്നെ അരുളിയ കാര്യങ്ങളാണ് ആദ്യം പ്രസ്താവിച്ചത്.
രാജാവിനെ അവതാരവും തത്വങ്ങളും അറിയിച്ചതിനു ശേഷം ദേവി ശിശുവിന്റെ മൃതദേഹം കയ്യിലെടുത്തു. ജ്ഞാനത്താൽ ശിശുവിന് ജീവൻ നൽകി. തൽക്ഷണം തന്നെ ശിശുവിനെ കൊണ്ട് അപ്രത്യക്ഷമാകുവാൻ തുടങ്ങിയപ്പോൾ രാജാവ് സ്തുതിച്ചു. സ്തുതിയിൽ സംപ്രീതയായ ദേവി രാജാവിനോട് ദേവീപൂജ നടത്തണമെന്ന് പറഞ്ഞു.സ്വയം പൂജിക്കുകയും മറ്റുള്ളവരെ കൊണ്ട് പൂജിപ്പിക്കുകയും ചെയ്താൽ ശിശുവിനെ നൽകാമെന്ന് പറഞ്ഞു. രാജാവ് പുജകൾ നടത്താമെന്ന് വാഗ്ദാനം ചെയ്തു. അപ്പോൾ അദ്ദേഹത്തിന് വരങ്ങൾ പ്രദാനം ചെയ്തതിന് ശേഷം ദേവി അപ്രത്യക്ഷയായി.
സന്തുഷ്ടനായ രാജാവ് കൊട്ടരത്തിലെത്തിയപ്പോൾ തനിക്കുണ്ടായ അനുഭവം പറഞ്ഞു. അദ്ദേഹം ദേവീ പൂജ ആരംഭിക്കുകയും രാജ്യം മുഴുവൻ ഷഷ്ഠി പൂജ നടപ്പിലാക്കുകയും ചെയ്തു. പുത്രന്റെ ജന്മോത്സവം ആഘോഷിച്ചു ശിശുക്കളുടെയും ബാലകരുടെയും സത്കർമ്മങ്ങൾക്ക് ഷഷ്ടീ പൂജ ചെയ്യണമെന്ന് നിർദേശിച്ചു. വെളുത്ത പക്ഷത്തിലെ ഷഷ്ഠി ദിനം മഹോത്സവമാക്കി മാറ്റി.
ദേവിയെ മനസിൽ ധ്യാനിച്ച് സത്പുത്ര ഭാഗ്യം നൽകുവാൻ പ്രാർത്ഥിക്കണം..എല്ലാ അഭീഷ്ടങ്ങളും നൽകുന്ന ഷഷ്ടി സ്തുതി ഒരു കൊല്ലക്കാലം ഭക്തിയോട് കൂടി ജപിച്ചാൽ വിദ്യയും ഗുണവും ദീർഘായുസും ഉള്ള പുത്രൻ ഉണ്ടാവുമെന്നാണ് ഫലശ്രുതിയിൽ പറയുന്നത്. പുത്രസൗഭാഗ്യം ഉണ്ടാകാനിടയില്ലാത്ത വിധം ഏതെങ്കിലും പാപങ്ങൾ കർമ്മഫലമായി ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ സ്തുതിയിലൂടെ ഇല്ലാതയാകും. കുഞ്ഞുങ്ങളുടെ രോഗം ഭേദമാവാൻ മാതാപിതാക്കാൾ ഈ സ്തോത്രം ജപിക്കണമെന്നും അത് കേൾക്കുമ്പോൾ ഷഷ്ഠി ദേവി പ്രസാദിക്കുമെന്നും തൽഫലമായി രോഗം മാറുമെന്നും ഫലശ്രുതിയിൽ പറയുന്നു.
മനോമാലിന്യങ്ങൾ ഇല്ലാതെ, ആത്മാർത്ഥമായ ഭക്തിവിശ്വാസങ്ങളോട് കൂടിയാണ് ഷഷ്ഠി സ്തുതി ജപിക്കേണ്ടത്.
Post Your Comments