ലഖ്‌നൗ: യുപിയില്‍ വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്‌സ് ചൈല്‍ഡ് റൈറ്റ്‌സ്‌ബോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. എന്നാൽ വീഡിയോ അൽ ജസീറ ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ വരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരില്‍ കുട്ടിയെ മര്‍ദിക്കാന്‍ മറ്റ് കുട്ടികള്‍ക്ക് അധ്യാപിക നിര്‍ദ്ദേശം നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയ അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പ്രചരിച്ചത് വർഗീയമായാണ് അദ്ധ്യാപിക ഇത് ചെയ്തിരിക്കുന്നതെന്നായിരുന്നു ആരോപണം.
ഹിന്ദു -മുസ്ലീം പ്രശ്നമായി ആണ് പ്രതിപക്ഷം ഇതിനെ കൈകാര്യം ചെയ്തത്. യോഗി സർക്കാരിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Post Your Comments