ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി വിവാദ അധ്യാപിക. വർഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിർദേശം നൽകിയതെന്ന തരത്തിലുള്ള പ്രചാരണം അധ്യാപിക തള്ളി. വീഡിയോ എഡിറ്റ് ചെയ്ത് തന്നെ വർഗീയമായി ആക്രമിക്കുകയാണെന്നും, താൻ ഒരു വികലാംഗയാണെന്ന കാര്യം പോലും ആരും പരിഗണിക്കുന്നില്ലെന്നും വിവാദ അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു.
താനാണ് ഇപ്പോൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാൻ നിർദേശിച്ചത് എന്നാണ് ഇവരുടെ വാദം. തന്റെ മാനസിക നില തകർന്നിരിക്കുകയാണെന്നും, ഇനി ജീവിക്കാൻ പോലും ആഗ്രഹമില്ലെന്നും ഇവർ പറഞ്ഞു.
‘ഞങ്ങളുടെ ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങളോട് ചോദിക്കൂ, ഞാൻ പതിവായി കുട്ടികളെ ഇങ്ങനെ പീഡിപ്പിക്കാറുണ്ടോ എന്ന്. അപ്പോൾ അത് വ്യക്തമാകും. കുട്ടിയോട് കർശനമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. കുട്ടിയെ ശാസിക്കാൻ അവർ തന്നെയാണ് എന്നോട് പറഞ്ഞത്. അങ്ങനെ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പഠിച്ചോ എന്ന് കുട്ടിയോട് ചോദിച്ചു. ഇല്ലെങ്കിൽ അടിക്കുമെന്ന് ഞാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാനൊരു വികലാംഗയാണ്. അതിനാൽ അവനെ ശിക്ഷിക്കാൻ മറ്റ് വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു. അങ്ങനെയെങ്കിലും പഠിക്കട്ടെ എന്ന് കരുതി’, അധ്യാപിക പറയുന്നു.
എല്ലാ കുട്ടികളും തനിക്ക് തന്റെ സ്വന്തം മക്കളെ പോലെയാണെന്നും, തനിക്ക് പറ്റിയ തെറ്റ് അംഗീകരിക്കുന്നുവെന്നും ഇവർ പറഞ്ഞു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞ അധ്യാപിക, ഇങ്ങനെയായാൽ അധ്യാപകർ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്നാണ് തനിക്ക് എല്ലാ രാഷ്ട്രീയക്കാരോടും ചോദിക്കാനുള്ളതെന്നും അറിയിച്ചു. മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബപൂർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
Post Your Comments