Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

കെ ഫോൺ: സംസ്ഥാന സർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എജി 

തിരുവനന്തപുരം: കെ-ഫോൺ പദ്ധതിനടത്തിപ്പിന് കരാറെടുത്ത ബെൽ കൺസോർഷ്യത്തിന് 109.38 കോടി രൂപ മുൻകൂറായി നൽകിയതിലൂടെ സംസ്ഥാനസർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. പലിശയിനത്തിൽ ലഭിക്കേണ്ട തുക നഷ്ടമായത് സംബന്ധിച്ച് കേരളാ ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട് എജി വിശദീകരണം തേടി. പലിശയിനത്തിൽ ലഭിക്കേണ്ട തുക ബെൽ കൺസോർഷ്യത്തിന്റെ ബില്ലിൽ കിഴിച്ചുവെന്നാണ് കെഎസ്ടിഐഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇക്കാര്യങ്ങൾ എജിക്ക് മറുപടിയായി നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

പദ്ധതിയുടെ നടത്തിപ്പിന് 1351 കോടി രൂപയുടെ കരാറാണ് ഉറപ്പിച്ചത്. ഇതിൽനിന്ന് പത്തുശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി ബെൽ കൺസോർഷ്യത്തിന് നൽകി. 2013-ലെ സ്റ്റോർ പർച്ചേസ് മാന്വലനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശയുള്ള തുകയാണ്. പലിശ ഒഴിവാക്കിനൽകണമെങ്കിൽ, കരാർനൽകിയ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിന്റെ അനുമതിവേണമെന്നാെണ് സെൻട്രൽ വിജിലൻസ് കമ്മിഷന്റെ വ്യവസ്ഥ. കെ-ഫോണിന്റെ ടെൻഡറിലാകട്ടെ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറഞ്ഞിരുന്നുമില്ല.

10 ശതമാനം തുക അഡ്വാൻസായി നൽകണമെന്ന് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ കെഎസ്ടി.ഐ.എലിന് വാക്കാൽ നിർദേശം നൽകുകയായിരുന്നു. ഇത്തരത്തിൽ മുൻകൂർ തുക നൽകുന്നുവെങ്കിൽ അതിന് എസ്.ബി.ഐ. അടിസ്ഥാനനിരക്കിനെക്കാൾ മൂന്നുശതമാനം കൂടുതൽ പലിശ ഈടാക്കണമെന്ന് കെ.എസ്.ഇ.ബി.എലിന്റെ സാമ്പത്തിക ഉപദേഷ്ടാവും കുറിപ്പെഴുതിയിരുന്നു. ഇതും അവഗണിച്ച് മുന്നോട്ടുപോയതിലൂടെ പലിശയായി ലഭിക്കേണ്ട 36,35,57,844 രൂപയുടെ നഷ്ടം സർക്കാരിനുണ്ടായെന്നാണ് വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിൽ എ.ജി. ചൂണ്ടിക്കാട്ടുന്നത്. തുക ഇതുവരെ തിരിച്ചുപിടിച്ചില്ലെന്നും ജൂൺ എട്ടിന് കെ.എസ്.ടി.ഐ.എലിന് നൽകിയ കത്തിൽ എ.ജി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നുവെങ്കിൽ, തുകയുടെ 110 ശതമാനം ബാങ്ക് ഗാരന്റി വേണമെന്ന വിജിലൻസ് കമ്മിഷൻ നിർദേശം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button