ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ ചന്ദ്രനെ തൊട്ടപ്പോൾ ദേശീയപതാക വീശി ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭിസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3- ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇന്ന്. ഈ മഹാവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. ‘ചരിത്രം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കൺമുന്നിൽ അത്തരമൊരു ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുമ്പോൾ, ജീവിതം ധന്യമായി. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്. ഇന്ത്യ മുഴുവൻ ഈ ചരിത്ര നിമിഷം ആഘോഷിക്കുകയാണ്’- മോദി പറഞ്ഞു.
ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
ഇന്നത്തെ ചന്ദ്രന്റെ അവസ്ഥയും ടെലിമെട്രി വിവരങ്ങളും വിശകലനം ചെയ്താണ് സുരക്ഷിതമായി ലാൻഡർ ഇറക്കാനാകുമോയെന്നു പരിശോധിച്ചത്. തുടർന്ന് ഇറങ്ങുന്നതിനുള്ള നിർദേശങ്ങൾ (കമാൻഡുകൾ) ലാൻഡിങ്ങിന് 2 മണിക്കൂർ മുൻപ് അപ്ലോഡ് ചെയ്യതു. വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകളാണു വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചത്. ഇനി 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. ഇനി ഈ പട്ടികയിൽ ഇന്ത്യയും.
Post Your Comments