ഡല്‍ഹി: പതിനഞ്ച് വയസ്സുള്ള ഭാര്യയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പതിനഞ്ചുകാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിയ്ക്കെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. രണ്ടാം ഭാര്യയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെതിരെ കേസെടുത്തത്. കേസില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.
‘2014 ഡിസംബറിലാണ് പെണ്‍കുട്ടി പ്രതിയെ വിവാഹം ചെയ്തതെന്നും അതിന് ശേഷമാണ് ശാരീരിക ബന്ധത്തിലേര്പ്പെട്ടതെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം ശരിയാണ്. പോക്സോ നിയമത്തിലെ സെക്ഷന്‍ 5(1), 6 എന്നീ കുറ്റങ്ങള്‍ പ്രതിയ്ക്കെതിരെ ചുമത്താനാകില്ല. പതിനഞ്ച് വയസ്സുള്ള ഭാര്യയാണ് കുട്ടി. പ്രതിയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാനാകില്ല. അതിനാൽ യുവാവിനെ കുറ്റവിമുക്തനാക്കുന്നു,’ ഹൈക്കോടതി ബെഞ്ച് അറിയിച്ചു.
വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതിയും ഹൈക്കോടതി നിഷേധിച്ചു. പോലീസ് നല്കിയ അപേക്ഷയും ഹൈക്കോടതി തള്ളി. 2015ലാണ് പ്രതിയ്ക്കെതിരെ ബലാത്സംഗക്കുറ്റമാരോപിച്ച് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അമ്മ പരാതിയുമായി രംഗത്തെത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
എന്നാൽ, വിവാഹശേഷം തന്റെ സമ്മതത്തോടെ തന്നെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നും അതേത്തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി വിചാരണകോടതിയില്‍ മൊഴി നല്‍കിയിരുന്നു. താന്‍ വിവാഹം കഴിച്ച കാര്യം തന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്കി.
Post Your Comments