അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നാരോപിച്ച് മൃഗശാലാവകുപ്പ് താല്‍ക്കാലിക ജീവനക്കാരി രംഗത്ത്. പുതുപ്പള്ളി സ്വദേശിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതോടെയാണ് സതിയമ്മയ്ക്ക് തന്റെ ജോലി നഷ്ടമായത്. 15 വർഷത്തെ ജോലിയാണ് സതിയമ്മയ്ക്ക് നഷ്ടമായത്.
ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പറയുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജോലിക്കുകയറേണ്ടെന്ന അറിയിപ്പ് ഇവർക്ക് ലഭിക്കുകയായിരുന്നു. 15 വര്‍ഷമായി തുടര്‍ന്ന ജോലിയാണ് നഷ്ടമായതെന്നും, ഉമ്മൻ ചാണ്ടി ചെയ്ത നല്ല കാര്യങ്ങൾ മാത്രമാണ് താൻ ചാനലുകാരോട് പറഞ്ഞതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തന്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മുഖ്യമന്ത്രിയായിരിക്കെ തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ പ്രമുഖ ചാനലിലൂടെ പറഞ്ഞിരുന്നു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് ഇത് ചാനൽ സംപ്രേഷണം ചെയ്തത്. തിങ്കളാഴ്ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്കു വരേണ്ടെന്ന് പറയുകയായിരുന്നു. പുറത്താക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണ് ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്ന് സതിയമ്മ മനോരമയോട് പറഞ്ഞു. അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.
Post Your Comments