ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 33 കാരിയായ ലൂസി ലെറ്റ്ബി അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് കൊലപ്പെടുത്തിയത്. ലൂസിക്ക് ഒരിക്കൽ പോലും ജയിലിന് പുറത്തിറങ്ങാനാകില്ല. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ കോടതിയാണ് ലൂസിക്ക് ശിക്ഷ വിധിച്ചത്.
ലഭ്യമായ ഏറ്റവും കഠിനമായ ശിക്ഷ, ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മാത്രം നിക്ഷിപ്തമാണ് എന്ന് വിധിപ്രസ്താവന വായിക്കവേ ജഡ്ജി പറഞ്ഞു. ഒരിക്കൽ പോലും ലൂസിക്ക് ജാമ്യം നേടി പുറത്തിറങ്ങാനോ പരോൾ ലഭിച്ച് പുറത്തിറങ്ങാനോ സാധിക്കില്ല. 2015 ജൂണിനും 2016 ജൂണിനുമിടയിൽ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാതശിശു വിഭാഗത്തിൽ നടന്ന ശിശുമരണങ്ങളിലെ ഉത്തരവാദിയാണ് ലൂസി. അന്തിമ വിധിന്യായങ്ങൾക്കായി അവൾ കോടതിയിൽ ഉണ്ടായിരുന്നില്ല.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹെയർഫോർഡിൽ നിന്നുള്ള ലെറ്റ്ബി ചെസ്റ്റർ സർവകലാശാലയിൽ നഴ്സിംഗ് പഠിച്ചു. കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ താൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നായിരുന്നു വിചാരണയ്ക്കിടെ അവർ മാഞ്ചസ്റ്റർ ക്രൗൺ കോടതിയോട് പറഞ്ഞത്. 2015 ജൂണിനും 2016 ജൂണിനുമിടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ 7 നവജാത ശിശുക്കളെയാണ് ലൂസി ക്രൂരമായി കൊലപ്പെടുത്തിയത്. അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ ഇൻസുലിൻ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിയിലാണ് യുവതി എല്ലാ കൊലപാതകവും നടത്തിയത്.
ഒരു തുമ്പും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കൊലപാതക രീതികളായിരുന്നു ലൂസിയുടേത്. ലൂസി അടക്കമുള്ള നഴ്സുമാരെ അവരറിയാതെ ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷിച്ചു. ഇവരുടെ വീടുകളിൽ പരിശോധന നടത്തി. ഒടുവിൽ അവർ തേടിയ ആൾ ലൂസിയാണെന്ന് തിരിച്ചറിഞ്ഞു. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഓരോ തവണയും കുട്ടികൾ മരിക്കുമ്പോൾ അന്നത്തെ ഷിഫ്റ്റിലുണ്ടായിരുന്നത് ലൂസിയായിരുന്നു എന്നതാണ് സംശയം ശക്തമാക്കിയതും അന്വേഷണം യുവതിയിലേക്ക് എത്തിയതും. അറസ്റ്റിന് പിന്നാലെ 2022 ഒക്ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്.
Post Your Comments