ബെംഗളൂരു: ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 3- ലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്.
Read Also: മന്ത്രിമാർ ഉള്‍പ്പെടെയുള്ള സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം: ലംഘിച്ചാൽ പിഴ
ബുധനാഴ്ചയാണ് ചന്ദ്രയാന്‍ 3-ന്റെ സോഫ്റ്റ് ലാന്‍ഡിംഗ്. വൈകുന്നേരം 6.4ന് ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ലാന്‍ഡര്‍ മോഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. നിലവില്‍ ചന്ദ്രന്റെ 25 കിലോമീറ്റര്‍ അടുത്തുള്ള ഭ്രണണപഥത്തിലാണ് ചന്ദ്രയാന്‍ 3 ഉള്ളത്.
4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്‍ഡിംഗ് നടക്കുക. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ 3. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് ലാന്‍ഡറാണ്. അതേസമയം റോവര്‍ ചന്ദ്രോപരിതലത്തില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും.
ചന്ദ്രയാന്‍ 3 സമ്പൂര്‍ണ്ണ വിജയമാണെങ്കില്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
Post Your Comments