കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ കാരണക്കാരായ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും അറസ്റ്റ് ചെയ്‌തേക്കും. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.
നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Post Your Comments