ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഒരാൾ ലഷ്‌കർ-ഇ-ത്വായ്ബ ഉന്നത കമാൻഡറാണെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജില്ലയിലെ പരിഗം ഗ്രാമത്തിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സേനയ്ക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. രണ്ട് ദിവസം മുൻപ് കശ്മീരിൽ എട്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ പിടിയിലായിരുന്നു. ജമ്മുകശ്മീരിലെ ഉറിയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ജമ്മുകശ്മീർ പോലീസും അതിർത്തി സുരക്ഷാ സേനയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
പിടിയിലായ ഭീകരരിൽ നിന്ന് മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ ഉറി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് രണ്ട് സംഘങ്ങളിലായി എട്ട് ഭീകരരെ കണ്ടെത്തുകയായിരുന്നു.അതേസമയം തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് വഴി മാറിയതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments