പഞ്ഞ കർക്കിടകം കഴിഞ്ഞ് ഇന്ന് അത്തം പിറന്നു. ഇനി പൂവിളിയുടെ നാളുകളാണ്. ഓണ നാളിനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പത്ത് നാളുകളിൽ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാനും മാതേവരെ ഒരുക്കാനും ഓണക്കോടി വാങ്ങാനും ഓണസദ്യ തയ്യാറാക്കാനുമുള്ള തിരക്കിലാണ് എല്ലാവരും.
ഓണവിളംബരമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാര്‍ ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിക്കഴിഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവിപണി സജീവമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ കൃഷി ചെയ്ത ചെണ്ടുമല്ലി ധാരാളമായി വിപണിയിൽ എത്തിയതിനാൽ നേരിയ വിലക്കുറവുണ്ട്.
Leave a Comment