സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണത്തിൻ്റെ പ്രധാന ആകര്‍ഷങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം.
ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുനാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവേ പ്രാദേശിക അടിസ്ഥാനത്തിൽ അത്തപ്പൂ ഇടുന്നതിൽ വ്യത്യാസം കണ്ടുവരുന്നുണ്ട്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.
പണ്ട് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം.
ചിങ്ങമാസത്തിലെ അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. ഈ നാളുകളിൽ ശേഷമാണ് വിവിധതരം പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കുന്നത്.
അത്തനാളിൽ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ ദിവസം ചുവന്ന പൂവിടാനും പാടില്ല. തുടര്‍ന്ന് രണ്ടാം ദിവസം രണ്ട് തരം പൂക്കളും മൂന്നാം ദിവസം മൂന്ന് തരം അങ്ങനെ പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്. ഉത്രാടത്തിൽ വലിയ പൂക്കളമാണ് ഒരുക്കേണ്ടത്. മൂലം നാളിൽ പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം.
പ്രധാന ഓണമായ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളിൽപ്രതിഷ്ഠ ഇളക്കിമാറ്റും.
അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. തുടർന്ന് അഞ്ചാം ദിവസം പൂക്കളത്തിൻ്റെ മുന്നിലായി കുടകുത്തും. ഒരു ഈർക്കിലിയെടുത്ത് അതിൽ ചെമ്പരത്തി, മറ്റ് പൂക്കൾ എന്നിവ കോർക്കുന്നതിനെയാണ് കുട വയ്ക്കുക എന്നു പറയുന്നത്. ആറാം ദിവസം പൂക്കളത്തിൻ്റെ നാല് ദിക്കിലും കാൽ നീട്ടും (വലിപ്പം കൂട്ടും). ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്.
Post Your Comments