പുനരുജ്ജീവനത്തിനായി ശ്രമിക്കുന്ന ഗോ ഫസ്റ്റ് എയർലൈനിന് വീണ്ടും തിരിച്ചടി. പ്രവർത്തന പുനരാരംഭിക്കുവാൻ ശ്രമിക്കവേ ജീവനക്കാർ കൂട്ടത്തോടെ രാജി വെക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഗോ ഫസ്റ്റ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്നാണ് ജീവനക്കാരുടെ പുതിയ നടപടി. സർവീസുകൾ താൽക്കാലികമായി നിർത്തിയതിനാൽ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയിട്ടില്ല. ശമ്പളം നിലച്ചതിനാൽ മിക്ക ജീവനക്കാരും ഇതിനോടകം മറ്റു മേഖലകളിൽ തൊഴിൽ തേടിയിട്ടുണ്ട്.
30 പൈലറ്റുമാരും 50 ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്ന 150 ഓളം ജീവനക്കാരാണ് രണ്ടാഴ്ചക്കുള്ളിൽ ഗോ ഫസ്റ്റിൽ നിന്നും പടിയിറങ്ങുക. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മെയ് 3 മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയത്. തുടർന്ന് സ്വമേധയാ പാപ്പരാത്ത ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഏകദേശം 11,463 കോടി രൂപയുടെ ബാധ്യതകളാണ് ഗോ ഫസ്റ്റിന് ഉള്ളത്. ബാധ്യതകൾ ഘട്ടം ഘട്ടമായി തീർത്ത ശേഷം സർവീസുകൾ പുനരാരംഭിക്കാനാണ് ഗോ ഫസ്റ്റ് തീരുമാനിച്ചിരുന്നത്. പാപ്പരാത്ത പരിഹാര നടപടികളുടെ പശ്ചാത്തലത്തിൽ ഗോ ഫാസ്റ്റിന്റെ സാമ്പത്തിക ബാധ്യതകൾക്കും ആസ്തി കൈമാറ്റത്തിനും മൊറട്ടോറിയം പ്രാബല്യത്തിൽ ഉണ്ട്.
Also Read: ഓണ സദ്യക്ക് തയ്യാറാക്കാം രുചികരമായ അവിയല്‍
Post Your Comments