നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വിളിച്ചോതുന്ന കേരളത്തിന്റെ സ്വന്തം മനയാണ് വരിക്കാശ്ശേരി മന. കേരളീയ വാസ്തുശിൽപ ശൈലി അതിമനോഹരമായാണ് മനയുടെ ഓരോ ഭാഗങ്ങളിലും പ്രതിഫലിക്കുന്നത്. പല സൂപ്പർ ഹിറ്റ് സിനിമകളുടെയും ലൊക്കേഷനായ വരിക്കാശ്ശേരി മന ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണ്. കേരളീയ വാസ്തുശിൽപ പ്രകാരം നിർമ്മിച്ചിട്ടുള്ള കവാടത്തിലൂടെ അകത്ത് കയറുമ്പോൾ തന്നെ വള്ളുവനാടിന്റെ പ്രശാന്തിയും, രാജകീയ ഭാവവും നമുക്ക് അനുഭവിക്കാനാകും.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുള്ള മനിശ്ശേരിയിലാണ് വരിക്കാശ്ശേരി മന അഥവാ വരിക്കും ചേരി മന എന്ന പൗരാണിക പാരമ്പര്യങ്ങളുടെ പുകൾ പെറ്റ പൈതൃകം അവകാശപ്പെടാൻ കഴിയുന്ന മന സ്ഥിതി ചെയ്യുന്നത്. മനയ്ക്ക് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പുരാതന കേരളത്തിലെ അഷ്ടഗ്രഹ എന്നറിയപ്പെടുന്ന നമ്പൂതിരി കുടുംബങ്ങളിൽ ഉൾപ്പെട്ടവരായിരുന്നത്രേ വരിക്കാശ്ശേരി മനയിലെ ആദ്യ തലമുറക്കാർ. ഏകദേശം 4 ഏക്കറിലധികം വരുന്ന സ്ഥലത്താണ് വരിക്കാശ്ശേരി കുടുംബക്കാർ മന പണി കഴിപ്പിച്ചത്. പണ്ട് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന വാസ്തുശിൽപ വിദ്യയുടെ മാതൃകയിലാണ് മന രൂപകൽപ്പന ചെയ്തത്. അതേസമയം, പാശ്ചാത്യ വാസ്തുശിൽപ വിദ്യയുടെ സ്വാധീനവും മനയിൽ കാണാവുന്നതാണ്. അതിനാൽ, തന്നെ കേരളത്തിലെ മറ്റൊരു മനയിലും കാണാനാവാത്ത രീതിയിലുള്ള സവിശേഷമായ നിർമ്മിതിയാണ് വരിക്കാശ്ശേരി മനയ്ക്ക് ഉള്ളതെന്ന് പറയാം.
Also Read: ‘ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, ആത്മാക്കളുറങ്ങാത്ത പ്രേതഗ്രാമത്തിലേക്ക് ‘: പ്രീദുരാജേഷ്
ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ നിന്ന് കൊത്തിയെടുത്ത ചെങ്കല്ലാണ് മനയുടെ ചുമർ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കല്ലിനു പുറമേ, തേക്കിന്റെയും വീട്ടിയുടെയും തടിയിൽ തീർത്ത വാതിലുകൾ, ജനലുകൾ, തൂണുകൾ, ജനലഴികൾ, ഗോവണികൾ എന്നിവയും മനയിൽ ധാരാളമുണ്ട്. ആരെയും അതിശയിപ്പിക്കുന്ന ചിത്രപ്പണികളാണ് തൂണുകളിൽ കൊത്തിയെടുത്തിരിക്കുന്നത്. അടിസ്ഥാനപരമായി വരിക്കാശ്ശേരി മന മൂന്ന് നിലകളിലായി വിസ്തൃതമായി കിടക്കുന്ന നാലുകെട്ടാണ്. വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റി എന്നിങ്ങനെ നാല് ഭാഗങ്ങളും, പിന്നീട് അവ നാലും സന്ധിക്കുന്നതിന് ഇടയിലായി കാണുന്ന നടുമുറ്റവും ചേരുന്നതാണ് നാലുകെട്ട്.
ഊട്ടുപുര, പത്തായപുരകൾ, പേറ്റുപുര, തോവാരപുര, വെപ്പ്പുര, ശ്രീലകം ഇങ്ങനെ 74 ഓളം മുറികളാണ് ഉള്ളത്. സദാസമയവും അകത്തേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്ന രീതിയിലാണ് മനയുടെ നിർമ്മാണം. അതിനാൽ, പുറത്ത് അതികഠിനമായ ചൂടാണെങ്കിലും അകത്ത് തണുപ്പ് നിലനിർത്താൻ സാധിക്കും. മരം കൊണ്ട് തീർത്ത മച്ചും അതിനൊരു കാരണമായിത്തീർന്നിട്ടുണ്ട്. ദേവാസുരം അടക്കമുള്ള സിനിമകളിലൂടെയാണ് വരിക്കാശ്ശേരി മനയുടെ ഭംഗി കേരളീയരിലേക്ക് എത്തിയത്. ഇന്ന് സിനിമാക്കാർക്ക് പുറമേ, കേരളത്തിലും പുറത്തുള്ള ആയിരക്കണക്കിന് സഞ്ചാരികളെ കൂടി, നിള നദിയുടെ തീരത്ത് നീണ്ടുനിവർന്ന് കിടക്കുന്ന കേരളത്തിന്റെ അഭിമാനമായ ഈ മന സ്വാഗതം ചെയ്യുന്നുണ്ട്.
എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.00 മണി വരെയാണ് മനയിലേക്കുള്ള പ്രവേശനം. പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ മനയിലേക്ക് പ്രവേശനം അനുവദനീയമല്ല. പാലക്കാട് നിന്നും ഏകദേശം 35 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രൗഢ ഗംഭീരമായ വരിക്കാശ്ശേരി മനയിൽ എത്തിച്ചേരാനാകും.
Post Your Comments