ഓണം വരവായി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കാലം. ഓണവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അതിനെല്ലാം പ്രാദേശികമായ വ്യത്യാസങ്ങളും ഉണ്ട്. മലയാളനാടിന്റെ ഈ ഉത്സവക്കാലത്തെ ഗംഭീരമാക്കുന്നത് നിരവധി ആചാരാനുഷ്ഠാനങ്ങൾ തന്നെയാണ്. കർക്കിടകത്തിലെ പേമാരിയും കാർമേഘങ്ങളും ഒഴിഞ്ഞ് ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്.
പത്ത് ദിവസത്തിലധികം നീളുന്ന ആഘോഷ പരിപാടികളാണ് ഓണത്തിനുള്ളത്. അത്തം നാളിൽ തുടങ്ങുന്ന ആഘോഷങ്ങൾ തിരുവോണം കഴിഞ്ഞും മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞാണ് കൊടിയിറങ്ങുക. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളം ഒരുക്കുന്നു. തിരുവോണ ദിവസം പല വീടുകളിലും പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാൽ കെട്ടുന്ന രീതിയും കേരളത്തിൽ ചിലയിടങ്ങളിൽ ഉണ്ട്.
ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. കളിമണ്ണിലാണ് രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. നിരവധി വിഭവങ്ങളോട് കൂടിയ സദ്യയും സംഗീത നൃത്ത പരിപാടികളുമൊക്കെ തിരുവോണ നാളിൽ ഉണ്ടാകും. ചോറ്, പരിപ്പുകറി, സാമ്പാർ, അവിയൽ, എരിശ്ശേരി, കാളൻ, ഓലൻ, തോരൻ, അച്ചാർ, പപ്പടം, ശർക്കര വരട്ടി, പായസം തുടങ്ങിയ കേരളീയ വിഭവങ്ങൾ തിരുവോണ നാളിലെ സദ്യയിൽ ഉണ്ടാകും. വാഴയിലയിലാണ് ഓണസദ്യ വിളമ്പുക. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നാണ് ഓണസദ്യ കഴിക്കുക.
ഓണസദ്യ കഴിച്ചുകഴിഞ്ഞാൽ പിന്നെ ഓണക്കളികളുടെ സമയമാണ്. ഓണത്തല്ല്, കുമ്മാട്ടിക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കേരളത്തിലെ തദ്ദേശീയ കളികളാണ് ഓണക്കളികളിൽ ഉൾപ്പെടുന്നത്. പ്രാദേശികമായി ഓണക്കളികളിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. വടംവലി, തീറ്റമത്സരം തുടങ്ങിയ മത്സരങ്ങളും അടുത്തകാലത്തായി പ്രചാരം നേടിയിട്ടുണ്ട്.
Post Your Comments