കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി പോരാടുന്ന ഹര്‍ഷിനക്ക് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പിന്തുണ. വേദന അനുഭവിച്ചവരുടെ കൂടെയാണ് സര്‍ക്കാരെന്നും, കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി ഉടന്‍ എടുക്കുമെന്നും കെ.കെ ശൈലജ അറിയിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ശൈലജ വിശദീകരിച്ചു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കേസില്‍ പ്രതികളാക്കും. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയുമാണ് കേസില്‍ പ്രതികളാക്കുന്നത്. നിലവില്‍ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
88 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടത്തിയിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ഹര്‍ഷിനയും കുടുംബവും തിരുവനന്തപുരത്ത് എത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസമനുഷ്ടിച്ച ഹര്‍ഷിനക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളടക്കം എത്തി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചന ആരോപിച്ചും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു ഏകദിന സമരം. ആവശ്യം ന്യായമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
Post Your Comments