കിടക്കയ്ക്ക് സമീപം ചാർജിംഗ് പോയിന്റ് ഉള്ളതിനാൽ ഉറങ്ങുമ്പോൾ ഫോൺ ചാർജ് ചെയ്യുന്ന പതിവ് രീതി പിന്തുടരുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഐഫോൺ ഉപഭോക്താക്കൾ യാതൊരു കാരണവശാലും ഫോൺ ചാർജിനിട്ട് സമീപത്തായി കിടന്നുറങ്ങരുതെന്നാണ് ആപ്പിൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ അശ്രദ്ധമായി ചെയ്യുന്ന പ്രവൃത്തികൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഐഫോൺ എങ്ങനെയാണ് ശരിയായി ചാർജ് ചെയ്യേണ്ടതെന്നും, ചാർജിംഗ് കേബിളുകൾ അലക്ഷ്യമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ആപ്പിൾ വിശദമാക്കിയിട്ടുണ്ട്. പുതപ്പിനുള്ളിലോ തലയണയ്ക്കടിയിലോ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നത് ഫോൺ അമിതമായി ചൂടാകാൻ കാരണമാകും. ഇത് ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഐഫോണുകൾ, പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജറുകൾ എന്നിവ നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്ന ഇടങ്ങളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. കേടായ ചാർജറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതാണ്.
Also Read: മേശപ്പുറത്ത് ദേശീയ പതാക വിരിച്ച് ഭക്ഷണവിതരണം: മദ്രസ അധികൃതര്‍ക്കെതിരെ കേസ്
വെള്ളത്തിന് സമീപത്ത് ചാർജ് ചെയ്യുന്ന ശീലം ഉണ്ടെങ്കിൽ അവയും മാറ്റേണ്ടതാണ്. ഇത് ബാറ്ററിയുടെ സുരക്ഷയെ ബാധിക്കും. തേർഡ് പാർട്ടി കേബിളുകളും, അഡാപ്റ്ററുകളും ഉപയോഗിച്ച് ഐഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറക്കുന്ന അഡാപ്റ്ററുകൾ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. അതിനാൽ, തേർഡ് പാർട്ടി ചാർജറുകൾ, അഡാപ്റ്ററുകൾ എന്നിവ ഉപയോഗിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം.
Post Your Comments