
പാമ്പാടി: പാമ്പാടി എംജിഎം ജംഗ്ഷനിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ ലിസി ഫീലിപ്പോസ് (58), ജനു മോൾ (21), കൈക്കുഞ്ഞ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. വട്ടുകളം റോഡിൽ നിന്ന് ഇറങ്ങി വന്ന സ്കൂട്ടർ കെകെ റോഡിൽ കൂടി വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വട്ടുകളം റോഡ് ദേശീയപാതയുമായി ചേരുന്ന പാമ്പാടി എംജിഎം ജംഗ്ഷനിൽ വേഗ ക്രമീകരണ സംവിധാനമില്ലാത്തതിനാൽ ഇവിടെ അപകടം നിത്യസംഭവമായിട്ടുണ്ട്.
Post Your Comments