തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ ടൗണിൽ ഗാന്ധിസ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു.
Read Also: വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. ആധാർ കൈവശമുള്ളവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കുറുവപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കമ്മിഷണർ ഡോ സജിത് ബാബു സ്വാഗതവും എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ സഹീർ നന്ദിയും പറഞ്ഞു.
Read Also: കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും, ശബരിമലയിൽ വരാനൊരുങ്ങുന്ന മാറ്റം ഇതാണ്
Post Your Comments