പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എൽഡിഎഫ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒട്ടേറെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നാണ് എൽഡിഎഫ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ആവശ്യം ഇതിനോടകം തന്നെ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. പുതുപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ഫ്ലക്സുകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോർഡുകളെല്ലാം നീക്കം ചെയ്യുകയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയായി മാറും. എൽഡിഎഫിന്‍റെ ആവശ്യം ഏറ്റെടുത്ത യുഡിഎഫും കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
മരിച്ചുപോയ ഉമ്മൻചാണ്ടിയെപോലും ഇടതുമുന്നണിക്ക് ഭയമാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി വ്യക്തികളാണ് വിവിധ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനു പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലും ഫ്ലക്സ് വിവാദം കത്തിക്കയറുമെന്ന് ഉറപ്പായി.
Leave a Comment