ഇരവിപുരം: വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ പരസ്പരം മാരകായുധങ്ങളുമായി ആക്രമിച്ചവർ പൊലീസ് പിടിയിൽ. പുന്തലത്താഴം മിർസ മൻസിലിൽ സുമീർ (28), പുന്തലത്താഴം സിറാജ് മൻസിലിൽ സഞ്ജയ് സിറാജ് (30), പുന്തലത്താഴം ചരുവിളവീട്ടിൽ ധനീഷ് (29), വാളത്തുങ്കൽ വയലിൽ പുത്തൻവീട്ടിൽ അൻഷാദ് (30), താമരക്കുളം പണ്ടകശാല ആഷിഖ് മൻസിൽ ഇഷാഖ് (36), ജോനകപ്പുറം തട്ടാണത്ത് പുരയിടം വീട്ടിൽ അനീസ് (36) എന്നിവരാണ് രണ്ട് വ്യത്യസ്ത കേസുകളിലായി ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
Read Also : കഞ്ഞിവെള്ളം കളയാതെ കുറച്ച് ഉലുവ ഇട്ടുവെയ്ക്കൂ; അറിയാം ഈ ഹെയര് മാസ്കിനെ പറ്റി…
സഞ്ജയ് സിറാജിന്റെ സുഹൃത്തുക്കളുടെ കാർ ഇഷാഖും ഇയാളുടെ സുഹൃത്തായ ഷംനാദും മറ്റുള്ളവരും യാത്ര ചെയ്ത് വന്ന കാറിനെ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രകോപിതരായ ഷംനാദും കൂട്ടരും ചേർന്ന് സഞ്ജയ് സിറാജിന്റെ സുഹൃത്തുക്കളെ മാരകായുധങ്ങളുമായി ആക്രമിച്ചു. ഇത് ചോദിക്കാനെത്തിയ മറ്റ് പ്രതികൾ ഷംനാദിനെയും സുഹൃത്തുക്കളായ ഇഷാഖ്, അനീസ് എന്നിവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ഷംനാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുകൂട്ടരും ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇരവിപുരം എസ്.എച്ച്.ഒ ചാർജ് വഹിക്കുന്ന കൺട്രോൾ റൂം ഇൻസ്പെക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സക്കീർ ഹുസൈൻ, ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments