തിരുവനന്തപുരം: പേരൂർക്കടയിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി മേലെപാളയം സ്വദേശി അബ്ദുൾ റാസിക്ക് (21) ആണ് പിടിയിലായത്.
Read Also : പിഎം കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു: യോഗ്യതാ വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും മനസിലാക്കാം
മേയ് 29-ന് രാത്രി 12-നാണ് സംഭവം നടന്നത്. പൂന്തുറ സ്വദേശിനിയായ വീട്ടമ്മയുടെ താലിമാല ഉൾപ്പെടെ മൂന്നു പവൻ സ്വർണാഭരണം ആണ് പ്രതി കവർന്നത്. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഇവരെ പരുത്തിക്കുഴി ജംഗ്ഷന് സമീപം വച്ച് ആക്രമിച്ച് ആഭരണം കവരുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ തമിഴ്നാട് പൊലീസ് സമാന സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, നടന്ന ചോദ്യം ചെയ്യലിലാണ് പൂന്തുറ സ്റ്റേഷൻ പരിധിയിലെ മാല മോഷണം തെളിഞ്ഞത്. നാഗർകോവിലിലെ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പൂന്തുറ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മോഷണമുതൽ തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ പണയം വച്ചതായാണ് സൂചന. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments