ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സർബാനന്ദ് സോനോവാളിനെ സന്ദർശിച്ചു നിവേദനം നൽകി. സാംസ്‌കാരിക പൈതൃകവും 1889-ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സർക്കാർ ആയുർവേദ ആശുപത്രി ഉൾപ്പടെ ആയുർവേദവുമായുള്ള ചരിത്രപരമായ ബന്ധവുമുള്ള തിരുവനന്തപുരം അത്തരമൊരു സുപ്രധാന സ്ഥാപനത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കൃഷ്ണകുമാർ മന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരത്തിന് സമീപമുള്ള സമുദ്രനിരപ്പിൽ നിന്ന് 6201 അടി ഉയരത്തിലുള്ള അഗസ്ത്യകൂടം അപൂർവമായ ഔഷധ സസ്യങ്ങൾക്ക് പേരുകേട്ടതാണ്. സിദ്ധ, ആയുർവേദ ചികിത്സകൾക്കായി ഉപയോഗിക്കുന്ന 2000ത്തോളം ഔഷധ സസ്യങ്ങൾ അവിടെ കാണപ്പെടുന്നു. ഈ വിഭവങ്ങളുടെ സമൃദ്ധി AIIA-യിലെ ഗവേഷണത്തിനും പഠനത്തിനും ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നും കൃഷ്ണകുമാർ മന്ത്രിയോട് പറഞ്ഞു.
കൂടാതെ കോവളം, വർക്കല, പൂവാർ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തമായ ബീച്ചുകളും പൊൻമുടി, തെന്മല തുടങ്ങിയ ഉയർന്ന ശ്രേണികളുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തിന് ആഗോള ശ്രദ്ധയാകർഷിക്കാൻ കഴിയും, അങ്ങനെ ആയുർവേദ സേവനം അന്താരാഷ്ട്ര സന്ദർശകർക്ക് കൂടുതൽ പ്രാപ്യമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഭൂമി ലഭ്യതയും അനുകൂലമായ കാലാവസ്ഥയും AIIA തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള അനുകൂല ഘട്ടങ്ങളാണെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങളിലും AIIAയുടെ സാന്നിധ്യവും സേവനവും ലഭ്യമാക്കണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്നും സംസ്ഥാന സർക്കാരുകൾ അതിൽ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സേനോവാൾ പറഞ്ഞു. തിരുവനന്തപുരത്ത് AIIA സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി കൃഷ്ണകുമാറിനെ അറിയിച്ചു.
Post Your Comments