Latest NewsNewsIndia

ടെക്നോളജി മേഖലയിൽ കരുത്താർജ്ജിക്കാൻ ഇന്ത്യ, പുതിയ സാധ്യതകൾ അറിയാം

രാജ്യത്തെ ഐടി കമ്പനികളെല്ലാം വിദഗ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ പ്രത്യേക വേദി തന്നെ ഒരുക്കിയിട്ടുണ്ട്

ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ അതിവേഗം വളർച്ച പ്രാപിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകങ്ങൾ കൊണ്ട് ആഗോള ഐടി ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഐടി വ്യവസായം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തെ ജിഡിപിയുടെ 8 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഐടി മേഖലയാണ്. പ്രമുഖ ഐടി വ്യവസായ സ്ഥാപനമായ നാസ്കോം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ ടെക്നോളജി മേഖലയിലെ നേട്ടം 8.4 ശതമാനം വളർച്ചയോടെ 245 ബില്യൺ ഡോളറിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു.

രാജ്യത്തെ ഐടി കമ്പനികളെല്ലാം വിദഗ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ പ്രത്യേക വേദി തന്നെ ഒരുക്കിയിട്ടുണ്ട്. നിലവിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യയുടെ വളർച്ച ഈ മേഖലയിൽ നിരവധി തരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി വ്യവസായ രംഗത്ത് ഇന്ത്യക്ക് ഗണ്യമായ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സാങ്കേതികവിദ്യക്ക് പുറമേ, വിവിധ മേഖലകളിൽ വലിയ നിക്ഷേപങ്ങളും ഇന്ത്യയെ തേടി എത്തുന്നുണ്ട്. സെമികണ്ടക്ടർ ഉൽപ്പാദന രംഗത്ത് ശക്തിയാർജ്ജിക്കാനുള്ള നീക്കങ്ങളിലാണ് ഇന്ത്യ.

Also Read: എം​ഡി​എം​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

മൈക്രോൺ ടെക്നോളജി ഇന്ത്യയിൽ നിന്ന് നിർമ്മിക്കുന്ന ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് 2024 ഡിസംബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യയെ സെമികണ്ടക്ടർ ഹബ്ബായി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് ആക്കം കൂട്ടിയിരുന്നു. ഇന്ത്യയിൽ സെമികണ്ടക്ടർ വ്യവസായത്തിനായി അമേരിക്കൻ കമ്പനികൾ ഏകദേശം 2,45,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൈക്രോൺ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയൽസ് ലാം റിസർച്ച് എന്നീ കമ്പനികൾ ഇന്ത്യയിൽ വൻ തോതിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യയെ സഹായിക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button