Latest NewsIndiaNewsസ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം: അറിയാം ഈ സ്വാതന്ത്ര്യ സമര പോരാളികളെ

ഇന്ത്യ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാനൊരുങ്ങുമ്പോള്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളികളെ നമ്മള്‍ എപ്പോഴും ഓര്‍ക്കണം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമാണ് 1947ല്‍ നമുക്ക് സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത്. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന്‍ വെടിഞ്ഞതിന്‍റെ ഫലമായി ലഭിച്ചതാണ്. 19ആം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ തന്നെ ചെറിയ തോതിലുള്ള സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 1947 ആഗസ്റ്റ് 15ന് നമ്മള്‍ സ്വാതന്ത്രം നേടുമ്പോള്‍ അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആ കരുത്തുറ്റ നേതാക്കള്‍ ഇവരാണ്.

മഹാത്മാ ഗാന്ധി

ആധുനിക വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്ന ദേശസ്‌നേഹികളുടെ കൂട്ടത്തില്‍ മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇന്ത്യയിലെ ദരിദ്രരായ ജനങ്ങളെ വിമോചനപ്പോരാട്ടത്തിന് മുന്നില്‍ നിന്ന് നയിക്കുകയും അവര്‍ക്ക് പുതിയ വഴി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ചരിത്രം രേഖപ്പെടുത്തുന്നത്. ബാപ്പുജി, ഗാന്ധിജി എന്നി പേരുകളില്‍ അദ്ദേഹം അറിയപ്പെടാറുണ്ട്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. ദക്ഷിണാഫ്രിക്ക ആയിരുന്നു ഗാന്ധിജി വക്കീല്‍ പഠനത്തിനായി തെരെഞ്ഞെടുത്തത്. അവിടെ നിന്നാണ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ ചുവടുവെപ്പ്. ഏഷ്യാറ്റിക് ലോ അമന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെയാണ് ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യാഗ്രഹം നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ അദ്ദേഹം പോരാടാന്‍ തീരുമാനിച്ചു. 1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ തീരുമാനിച്ചു.

എന്നാല്‍, പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്നാൽ പാർലമെന്റ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ 1897 ഡിസംബറില്‍ അദ്ദേഹം വീണ്ടും തിരിച്ച് പോയി. തിരിച്ചെത്തിയ‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാല്‍, നിയമ നടപടികളിലൂടെയാണ് അദ്ദേഹം അവര്‍ക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കാന്‍ ആയിരുന്നു എത്തിയത്. ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് അദ്ദേഹം പ്രമേയം അവതരിപ്പിച്ചു.

1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. നാഥൂറാം വിനായക് ഗോഡ്സെ എന്നയാള്‍ ആണ് ഗാന്ധിയെ കൊന്നത്. 79ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

​ജവഹർലാൽ നെഹ്റു 

ആധുനിക ഇന്ത്യയുടെ ശില്പി എന്ന പേരിലാണ് ജവഹർലാൽ നെഹ്റു അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ ചരിത്രകാരൻ എന്നി നിലകളിലെല്ലാം അദ്ദേഹം തന്‍റെ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. ചേരിചേരാനയം അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധനേടിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മുന്നില്‍ നിന്ന് നയിച്ച പോരാളിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു നെഹ്റു. സോഷ്യലിസത്തിലൂടെയാണ് അദ്ദേഹം നാലുപതിറ്റാണ്ടോളം ഇന്ത്യയെ ഭരിച്ചത്. ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്റു ബിരുദം നേടിയത്. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്റു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ചേര്‍ന്നു. അന്ന് തന്നെ രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം അഭിഭാഷക ജോലി വിട്ട് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് മാറി.

1930 കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ നയിച്ചത് അദ്ദേഹം ആയിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് അദ്ദേഹം ആയിരുന്നു. നെഹ്റു lവിന്‍റെ നേതൃത്വത്തിലൂടെയാണ് കോൺഗ്രസ്സ് ഒരു വലിയ രാഷ്ട്രീയപാർട്ടിയായി മാറിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.

സുഭാസ് ചന്ദ്ര ബോസ്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തലെ ഒരു പ്രധാന നേതാവായിരുന്നു സുഭാസ് ചന്ദ്ര ബോസ്. നേതാജി എന്ന വിളിപേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗാന്ധിജിയുടെ സമരരീതികളിലൂടെ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ആള്‍ ആണ് സുഭാസ് ചന്ദ്ര ബോസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹം തെരെഞ്ഞടുത്തിട്ടുണ്ട്. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി പേരാടിയ അദ്ദേഹത്തെ പതിനൊന്നു തവണയാണ് ബ്രിട്ടീഷുക്കാര്‍ ജയിലില്‍ അടച്ചത്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നും പോയി. ജർമ്മനിയിലാണ് അദ്ദേഹം എത്തിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1920 – ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി. ഉയർന്ന മാര്‍ക്ക് നേടിയാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിൽ പ്രവര്‍ത്തിക്കാന്‍ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. എന്നാല്‍, ഗാന്ധിജിയുടെ പല സമര മുറകളോടും അദ്ദേഹത്തിന് കടുത്ത വിയോജിപ്പ് ആയിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം കൊല്‍ക്കത്തയില്‍ പോയി ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചു. 1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ സുഭാസ് ചന്ദ്ര ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. പിന്നീട് 1924 ഏപ്രിലിൽ പുതുതായി രീപീകരിച്ച കൊല്‍ക്കത്ത കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ മേയർക്ക് അന്ന് നല്‍കിയിരുന്നത് 3000 രൂപയായിരുന്നു. എന്നാല്‍ അദ്ദേഹം 1500 രൂപ മാത്രമേ വാങ്ങിയിരുന്നു ഒള്ളു. എന്നാല്‍, അതേ വര്‍ഷം തന്നെ തീവ്രവാദിയാണെന്ന സംശയത്തിന്റെ പേരില്‍ അദ്ദേഹത്തെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേക്ക് മാറ്റി. സെപ്തംമ്പർ 25ന് അദ്ദേഹം ജയിൽ മോചിതനായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കെല്‍ക്കത്ത മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1945 ഓഗസ്റ്റ് 18നാണ് വിമാന അപകടത്തില്‍ അദ്ദേഹം മരണപ്പെടുന്നത്. തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ ആണ് അദ്ദേഹം മരണപ്പെട്ടത്. നെഹ്റുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവരെ നിയമിച്ചെങ്കിലും അപകടത്തെ കുറിച്ച് ഒരു സൂചനയും കിട്ടിയില്ല. എന്നാല്‍, പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം പിന്നീട് മൊറാർജി ദേശായിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. എന്നാല്‍, പിന്നീട് വന്ന മൻ‌മോഹൻ സിങ് ഗവണ്മെന്റ് ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും ബോസ് റഷ്യയിലേക്ക് പോയിരിക്കാം എന്നുമായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍.

ഭഗത് സിംഗ്

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി ചെറിയ പ്രായത്തില്‍ രക്തസാക്ഷിത്വം വഹിച്ച ആളായിരുന്നു ഭഗത് സിംഗ്. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായി എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയത്. ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ് സമരങ്ങളില്‍ പങ്കെടുത്തിരുന്നു. സായുധപോരാട്ടത്തിന് മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ചരിത്രകാരന്മാർ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നാണ് വിശേഷിപ്പിച്ചത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ അദ്ദേഹം പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒരു പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടിരുന്നു. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം 63 ദിവസത്തെ നിരാഹാരസമരം ജയിലില്‍ നടത്തിയിരുന്നു. ഇത് വലിയ ജനസമ്മതി അദ്ദേഹത്തിന് നേടി കൊടുത്തു. ലാഹോർ ഗൂഢാലോചന കേസില്‍ വിചാരണക്ക് ശേഷമായിരുന്നു അദ്ദേഹത്തെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തൂക്കി കൊന്നത്. ഭഗത് സിംഗിന്റെ ജീവിതം ഒരുപാട് യുവാക്കളെ സ്വാതന്ത്ര്യസമരത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചു.

ചന്ദ്രശേഖർ ആസാദ്

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ പ്രധാനപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി, ഭഗത് സിംഗിന്റെ ഗുരുവാണ് ചന്ദ്രശേഖര്‍ ആസാദ്. വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് അദ്ദേഹം സമര രംഗത്ത് എത്തുന്നത്. വളരെ ചെറിയപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ആള്‍ ആണ് ചന്ദ്രശേഖർ ആസാദ്. നിസ്സഹകരണ പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവയില്‍ പ്രചോദനം ഉള്‍കൊണ്ടാണ് അദ്ദേഹം സമര രംഗത്ത് എത്തിയത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ നേതാവായിരുന്നു അദ്ദേഹം.

ചന്ദ്രശേഖർ ബനാറസിൽ പഠിക്കുന്ന സമയത്താണ് ഗാന്ധി രാഷ്ട്രീയപ്രവേശം നടത്തുന്നത്.

1921 ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വിദ്യാർത്ഥികൾ വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കെടുക്കാന്‍ എത്തി. അന്ന് സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും എല്ലാം മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുത്തിരുന്നു. ഇതിന്‍റെ ഫലമായി വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് അദ്ദേഹം മുഴുവന്‍ സമയ സമരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി.

സഹപ്രവർത്തകരിൽ ഒരാൾ പോലീസിന് ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് നടന്ന വെടിവെപ്പിൽ അദ്ദേഹം കൊല്ലപ്പെട്ടു. അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ചാണ് അദ്ദേഹത്തെ പൊലീസ് വളയുന്നത്. വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞപ്പോള്‍ ആണ് തന്റെ കൈയ്യിലെ തോക്ക് ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവെച്ച് മരിച്ചത്. പൊതുജനങ്ങളെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി കൊണ്ടു പോയി. എന്നാല്‍, സംഭവത്തെക്കുറിച്ചറിഞ്ഞതിനുശേഷം ജനങ്ങള്‍ പാക്കിന് മുന്നില്‍ തടിച്ചു കൂടി. ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മരണസമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്നു കൈത്തോക്ക് ആസാദ് പാർക്കിനകത്തെ മ്യൂസിയത്തിൽ പ്രദർശനത്തിനായി സൂക്ഷിച്ചിട്ടുണ്ട്.

ബാല ഗംഗാധര തിലക്

സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ നേതാവ് ആയിരുന്നു ബാല ഗംഗാധർ തിലക്. കൂടാതെ അദ്ദേഹം രാഷ്ട്രീയനേതാവും, പത്രപ്രവർത്തകനും സംസ്കൃത പണ്ഡിതനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്‍റെ സംഭാവനയായിരുന്നു. സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാൻ നേടുക തന്നെചെയ്യും എന്ന അദ്ദേഹത്തിന്‍റെ മുദ്രാവാക്യം പ്രസിദ്ധമായിരുന്നു. പൂണെയിലെ കോളേജില്‍ ഉപരി പഠനത്തിനായി എത്തിയപ്പോള്‍ ആണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1877-ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി, പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഇതിന്‍റെ ഇടയില്‍ അദ്ദേഹം നിമയബിരുദം കരസ്ഥമാക്കി.

ഹിന്ദുക്കളുടെ ഇടയിൽ നിലനിന്നിരുന്ന അയിത്തം, സ്ത്രീകളുടെ വിവാഹപ്രായം പത്തിൽ നിന്നും പന്ത്രണ്ട് ആക്കുക തുടങ്ങിയ ഹിന്ദുക്കളുടെ പ്രശ്നങ്ങളില‍ അദ്ദേഹം സജീവമായി എതിര്‍ത്തിരുന്നു. മറാഠിഭാഷയിലെ പത്രത്തില്‍ പല ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് എഴുതിയ അദ്ദേഹം നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നു. ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണം എന്ന നിലപാട് സ്വീകരിച്ച ആളായിരുന്നു അദ്ദേഹം. കോൺഗ്രസ്സിലെ തീവ്രവാദി നേതാവ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1897-ൽ പൂണെയിൽ പ്ലേഗ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ജനങ്ങളെ സഹായിക്കാനായി അദ്ദേഹം എത്തി. പകർച്ചവ്യാധിയെ നേരിടുന്നതിൽ സർക്കാർ വലിയ പരാജയം ആണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിച്ച അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 1920ല്‍ അനാരോഗ്യം മൂലം അദ്ദേഹം നിര്യാതനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button