Latest NewsNewsIndia

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സ്ത്രീകളുടെ സംഭാവന വിസ്മരിക്കാൻ സാധിക്കുകയില്ല

നൂറ്റാണ്ടുകളോളം അടിമയാക്കപ്പെട്ട്, പിന്നീട് നീണ്ട സമരങ്ങളിലൂടെ ബ്രിട്ടീഷ് കോളനികളിൽ നിന്ന് സ്വതന്ത്രയായ ഭാരതം, 77-ാമത് സ്വാതന്ത്രദിനാഘോഷത്തിലാണ്. ലോക ചരിത്രത്തിൽ തന്നെ ഇടം പിടിച്ചതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇന്ത്യൻ സമൂഹം അടിച്ചമർത്തലുകളുടെയും, പീഡനങ്ങളുടെയും നാളുകളിലൂടെയായിരുന്നു കടന്നു പോയിരുന്നത്. ഒട്ടേറെ പേരുടെ ജീവത്യാഗവും, പ്രയത്നവുമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ, അധികം അറിയപ്പെടാതെ പോയ നിരവധി സ്വാതന്ത്ര്യസമര സേനാനികളും ഉണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സ്ത്രീകളുടെ സംഭാവന വിസ്മരിക്കാൻ സാധിക്കുകയില്ല. ധീരരായ ഒരുപാട് സ്ത്രീകൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. സ്ത്രീകളുടെ സംഭാവന പരാമർശിക്കാത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രപശ്ചാത്തലം അപൂർണമായിരിക്കും. സ്ത്രീകൾ അർപ്പിച്ച ത്യാഗങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണി ലക്ഷ്മിഭായിയിൽ തുടങ്ങിയ വിപ്ലവ ജ്വാല സ്വാതന്ത്ര്യം നേടുന്നതുവരെ ഇന്ത്യൻ സ്ത്രീകളിൽ പടർന്നിരുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ചില സ്ത്രീകളെ നമുക്ക് ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഓർക്കാം.

ഝാന്‍സി റാണി ലക്ഷ്മീഭായ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്താളുകളില്‍ തങ്കലിപികളാല്‍ കുറിച്ചിട്ട പേരാണ് ഝാന്‍സി റാണി ലക്ഷ്മീഭായ്. ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വീരതയുടെയും ആള്‍രൂപമായിരുന്നു അവര്‍. 1835 നവംബര്‍ 19ന് കാശിയില്‍ ജനിച്ച ലക്ഷ്മീഭായിയുടെ ആദ്യകാല നാമം മണികര്‍ണിക എന്നായിരുന്നു. 1842ല്‍ ഝാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിനെ വിവാഹം കഴിച്ചു. 1853ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ഝാന്‍സിയുടെ ഭരണച്ചുമതല റാണി ലക്ഷ്മിഭായിയുടെ കൈകളിലെത്തി. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഝാന്‍സി ഒരു പ്രധാന കലാപ കേന്ദ്രമായി മാറി. അന്ന് ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട റാണി ലക്ഷ്മിബായിക്ക് 1858 മാര്‍ച്ചില്‍ ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങേണ്ടിവന്നു. 1858 ജൂണ്‍ 18-നാണ് ഝാൻസി റാണിലക്ഷ്മീഭായ് അന്തരിച്ചത്.

ബീഗം ഹസ്രത്ത് മഹല്‍

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ വീരോചിതമായ പോരാട്ടം നടത്തിയ വനിതയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരില്‍ നിന്നും ലക്‌നൗ പിടിച്ചെടുത്തത് അവരുടെ പോരാട്ടത്തിന്റെ ഫലമായായിരുന്നു. എന്നാല്‍, 1858ല്‍ ബ്രിട്ടീഷ് സൈന്യം യുദ്ധത്തിലൂടെ ലക്‌നൗ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹലിന് നേപ്പാളിലേക്ക് നാടുവിടേണ്ടി വന്നു. 1879 ഏപ്രില്‍ 7ന് അവിടെവച്ച് അവര്‍ അന്തരിച്ചു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റര്‍ പാര്‍ക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

ആനി ബസന്റ്

ഇന്ത്യന്‍ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവര്‍ത്തിച്ച വിദേശ വനിതയായിരുന്നു ആനി ബസന്റ്. 1847 ഒക്ടോബര്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ആനിബന്റ് ജനിച്ചത്. നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയിലും പ്രശസ്ത സോഷ്യലിസ്റ്റ് സംഘടനയായ ഫാബിയന്‍ സൊസൈറ്റിയിലും ബെസന്റ് അംഗമായിരുന്നു. പിന്നീട്, നിരവധി സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 1875ല്‍ ഹിന്ദു ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള തിയോസോഫിക്കല്‍ സൊസൈറ്റിയില്‍ അംഗമാവുകയും, തിയോസോഫിക്കല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അതിന്റ നേതാവായി ഇന്ത്യയില്‍ എത്തുകയും ചെയ്തു. 1893-ലാണ് ആനി ബസന്റ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. പിന്നീട്, അവരുടെ കര്‍മ്മമണ്ഡലം ഇന്ത്യയായിരുന്നു. 1916 ല്‍ അവര്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചു.

സരോജിനി നായിഡു

‘ഇന്ത്യയുടെ വാനമ്പാടി’ എന്നറിയപ്പെടുന്ന സരോജിനി നായിഡു സ്വാതന്ത്ര്യസമര സേനാനി, ഭരണാധികാരി, കവയിത്രി എന്നീ നിലകളില്‍ പ്രശസ്തയായ വ്യക്തിത്വമാണ്. 1879ല്‍ ഹൈദരാബാദില്‍ ജനിച്ച അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ ഇന്ത്യന്‍ വനിതാ പ്രസിഡന്റും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറുമായിരുന്നു. ഇംഗ്ലണ്ടിലെ വോട്ടവകാശ പ്രചാരണത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ വനിത കൂടിയാണ് സരോജിനി നായിഡു. പിന്നീട്, ഇന്ത്യയുടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്കും മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും അവര്‍ ആകര്‍ഷിക്കപ്പെട്ടു. 1931ല്‍ അവര്‍ ഗാന്ധിജിക്കൊപ്പം ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കാളിയായി. 1947ല്‍ സ്വാതന്ത്ര്യലബ്ദിക്കു ശേഷം അവര്‍ യുണൈറ്റഡ് പ്രവിശ്യകളുടെ (ഇപ്പോള്‍ ഉത്തര്‍പ്രദേശ്) ഗവര്‍ണറായി. 1949ല്‍ മരണം വരെ അവര്‍ ആ പദവി തുടര്‍ന്നു. സജീവമായ ഒരു സാഹിത്യ ജീവിതം നയിച്ച സരോജിനി നായിഡു നിരവധി പ്രസിദ്ധമായ കൃതികളും രചിച്ചിട്ടുണ്ട്.

വിജയലക്ഷ്മി പണ്ഡിറ്റ്

യു.എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റ്. 1900 ഓഗസ്റ്റ് 18ന് ജനിച്ച അവര്‍ 35ാമത്തെ വയസില്‍ അലഹബാദ് മുനിസിപ്പല്‍ ബോര്‍ഡ് പ്രസിഡന്റായി ജനസേവന ജീവിതം ആരംഭിച്ചു. സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. അമേരിക്കയിലെ പസഫിക് റിലേഷന്‍സ് കോണ്‍ഫറന്‍സിലുള്ള ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് 1944-ലായിരുന്നു നയതന്ത്രരംഗത്തുള്ള അവരുടെ അരങ്ങേറ്റം.

അരുണ ആസിഫ് അലി

ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ മുന്നണി പ്രവര്‍ത്തകയായ ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാണ് അരുണ ഗാംഗുലി ആസഫ് അലി. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ ബോംബെ ഗൊവാളിയ ടാങ്ക് മൈതാനിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് അരുണ അസഫലിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. ദില്ലി മേയറായി സേവനമനുഷ്ടിക്കുകയും ചെയ്ത അവര്‍ 1996ല്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button