ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍, ഇതിനായി വിദേശ ശക്തികളോട് പോരാടിയ കേരളത്തിലെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് അറിയാം..
കെ കേളപ്പന്‍
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പന്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പന്‍.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് സ്‌കൂളില്‍ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി. എന്‍.എസ്.എസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് ഭരണം ബഹിഷ്‌കരിക്കാന്‍ മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ കേളപ്പന്‍ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാന്‍ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി.
ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊര്‍ജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പന്‍.
ഗാന്ധിജിയുടെ വ്യക്തിഗതസത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോണ്‍ഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു കേളപ്പന്‍.
1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജി യര്‍വാദ ജയിലില്‍ നിരാഹാരം ആരംഭിച്ച 1931 സെപ്തംബര്‍ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു. തുടര്‍ന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബര്‍ 2ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.
2. കെ. കുമാര്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ദേശീയ നവോത്ഥാന കാലഘട്ടത്തിലെ പ്രമുഖനായ വാഗ്മിയും പരിഷ്‌കര്‍ത്താവും എഴുത്തുകാരനുമായിരുന്നു, കുമാര്‍ജി എന്ന കെ. കുമാര്‍. ഗാന്ധിജിയുടെ സന്ദേശവും ദേശീയ പ്രസ്ഥാനത്തിന്റെ ചൈതന്യവും പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന ആദ്യകാല സാമൂഹിക-ദേശീയ നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ കേരള പര്യടനവേളകളില്‍ മിക്കപ്പോഴും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ മലയാളത്തില്‍ തര്‍ജമ ചെയ്തു വ്യാഖ്യാനിച്ചിരുന്നതു കുമാര്‍ജി ആയിരുന്നു. നെഹ്റു സര്‍ക്കാരിന്റെ ഉപദേഷ്ടാവ് കൂടെ ആയിരുന്നു കുമാര്‍ജി. തിരുവിതാംകൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കുമാര്‍ജി, ഒന്നിലധികം തവണ ഗാന്ധിജിയുടെ തിരുവിതാംകൂര്‍ പര്യടനത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
പരവൂര്‍ ഇംഗ്ലീഷ് സ്‌കൂളിലും, മാന്നാര്‍ നായര്‍ സൊസൈറ്റി ഹൈസ്‌കൂളിലുമാണ് കുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന്, ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസത്തിനായി മധുര അമേരിക്കന്‍ കോളേജിലേക്കും പിന്നീട് ഉന്നത പഠനത്തിനായി മദ്രാസ് പ്രസിഡന്‍സി കോളേജിലേക്കും പോയി. ബഹുസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ സംസ്ഥാനത്തെ ആദ്യകാല യുവാക്കളില്‍ ഒരാളായിരുന്നു.
ദേശസ്നേഹവും ഗാന്ധിയന്‍ ചിന്താ സരണിയും പഠന കാലത്തുതന്നെ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. തുടര്‍ന്ന് സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനായി ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.
ഇത് അദ്ദേഹത്തിന്റെ പഠനത്തെ പല തവണ ബാധിച്ചു. ഗാന്ധിയുടെ മദ്രാസ് സന്ദര്‍ശനവും നിസ്സഹകരണത്തിനുള്ള ആഹ്വാനവും വന്നതോടെ മദ്രാസ് പ്രസിഡന്‍സി കോളേജിലെ പഠനം തീര്‍ത്തും ഉപേക്ഷിച്ച അദ്ദേഹം ദേശീയപ്രസ്ഥാനത്തിലെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയ നേതാക്കളും ഒത്തു ആദ്യകാല പ്രവൃത്തിരംഗം ഉത്തരേന്ത്യ ആയിരുന്നു.
3.അക്കാമ്മ ചെറിയാന്‍
1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.
തുടര്‍ന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു. 1952ല്‍ എം.എല്‍.എ ആയിരുന്ന വി.വി. വര്‍ക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വര്‍ക്കി എന്ന പേര്‍ സ്വീകരിയ്ക്കുകയും ചെയ്തു.
തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായിരുന്നു ഈ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.
മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം, അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്‌ചെയ്തു. മാര്‍ച്ച് കൊട്ടാരത്തിനടുത്തു വരെയെത്തി. പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങവേ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു:’ഞാനാണ് നേതാവ്. എനിക്കുനേരെ ആദ്യം വെടിയുതിര്‍ക്കൂ’.
അക്കാമ്മയ്ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു. കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.
വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ ‘തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്ന് വിശേഷിപ്പിച്ചു.
1982 മെയ് 5ന് അനാരോഗ്യം മൂലം അവര്‍ അന്തരിച്ചു. ജീവിതം ഒരു സമരം എന്ന അവരുടെ ആത്മകഥ ഏറെ പ്രശസ്തമാണ്.
എ.വി. കുട്ടിമാളു അമ്മ
പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തില്‍ പെരുമ്പിലാവില്‍ ഗോവിന്ദ മേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രില്‍ 23 നാണ് കുട്ടിമാളു അമ്മ ജനിച്ചത്. ഗാന്ധിജിയുമായി അടുത്തിടപഴകി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു. കോഴിപ്പുറത്ത് മാധവ മേനോന്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തില്‍ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവര്‍ ജയില്‍വാസം അനുഷ്ഠിച്ചു.
മുഹമ്മദ് അബ്ദുറഹിമാന്‍
കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നും അറിയപ്പെടുന്നു. മുസ്ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സാമുദായിക പരിഷ്‌കരണ രംഗത്തും സാഹിബ് പ്രവര്‍ത്തിച്ചിരുന്നു.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ 1898-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കോഴിക്കോട് ബാസല്‍ മിഷന്‍ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി.
1920-കളില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ രാഷ്ട്രീയ രംഗപ്രവേശം.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ചേന്നമംഗലൂര്‍ കളത്തിങ്ങല്‍ അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍ നിന്ന് 1945 നവംബര്‍ 23ന് രാത്രിയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയില്‍ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ മരണം.
Post Your Comments