കല്‍പ്പറ്റ: വിലക്കുറവും ഉൽപാദനച്ചെലവിലെ വർധനവും കാരണം ചെറുകിട കര്‍ഷകര്‍ തേയില കൃഷി ഉപേക്ഷിക്കുന്നു. ഒരു കിലോ തേയിലക്ക് 15 രൂപക്കു മുകളിലാണ് ശരാശരി ഉത്പാദനച്ചെലവ്. എന്നാൽ, ഇപ്പോഴത്തെ വിപണി വില 12 രൂപ മാത്രമാണ്. മുൻ വർഷം 20 രൂപ വരെ ലഭിച്ച സ്ഥാനത്താണ് ഇത്രയും വിലക്കുറവ്. 2021 ൽ 27 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നു.
വിലക്കുറവ് കാരണം നിരവധി ചെറുകിട കർഷകർ ജില്ലയിൽ തേയില കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. പല കർഷകരും തേയിലച്ചെടി പിഴുതി മാറ്റി പകരം മറ്റു കാർഷിക വിളകൾക്ക് നിലമൊരുക്കാൻ തുടങ്ങി.
വടുവന്‍ചാല്‍, ചുള്ളിയോട്, മക്കിയാട്, അമ്പലവയല്‍, മേപ്പാടി, പേരിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്. വയനാട് സ്മോള്‍ സ്കെയില്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഏകദേശം 6,000 ചെറുകിട തേയില കര്‍ഷകരാണുള്ളത്. 50 സെന്റ് മുതല്‍ ഭൂമിയിലാണ് ഇവര്‍ തേയില കൃഷി ചെയ്യുന്നത്. വൻതോതിലാണ് ഈയടുത്തായി തേയിലയുടെ ഉൽപാദനച്ചെലവിൽ വർധനയുണ്ടായത്. കൂലി ഗണ്യമായി വർധിച്ചു.
2022ല്‍ മഴക്കാലം ഒഴികെ മാസങ്ങളില്‍ പച്ചത്തേയില കിലോഗ്രാമിനു 20 രൂപ വരെ വില ലഭിച്ചു. ചെറുകിട കര്‍ഷകരില്‍ പലരും ഇടനിലക്കാര്‍ മുഖേനയാണ് തേയിലച്ചപ്പ് ഫാക്ടറികളില്‍ ലഭ്യമാക്കുന്നത്. ഫാക്ടറി മാനേജ്മെന്റുകള്‍ നല്കുന്ന വിലയില്‍ കമീഷന് കഴിച്ചുള്ള തുകയാണ് ഇടനിലക്കാര്‍ കര്‍ഷകർക്ക് നൽകുന്നത്.
Post Your Comments