തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിൽ കുടുങ്ങിയ യുവാവിന്റെ കൈ മുറിച്ചുമാറ്റി. പൂവാർ തിരുപുറം സ്വദേശി മനു എന്ന അരുൺകുമാറാണ് (31) അപകടത്തിപ്പെട്ടത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ ഇയാളുടെ കൈ യാത്രണത്തിന്റെ അകത്ത് കുടുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൈ മുറിച്ചു മാറ്റിയാണ് യുവാവിനെ രക്ഷിച്ചത്. വിഴിഞ്ഞം കാവുവിളാകം തോട്ടിൻകരയിലെ നടവഴിയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.
വിഴിഞ്ഞത്ത് നഗരസഭയുടെ ഇടവഴികൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി നടന്ന ജോലികൾക്കു ശേഷം യന്ത്രം വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മിക്സിംഗ് യന്ത്രം ചാക്ക് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുമ്പോൾ യന്ത്രത്തിന്റെ കുടം പോലുള്ള കറങ്ങുന്ന ഭാഗത്തിന്റെ പുറമേയുള്ള പല്ലുകൾക്കിടയിലാണു യുവാവിന്റെ കൈ കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്സിനെയും വിഴിഞ്ഞം പോലീസിനെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സെത്തി യന്ത്രത്തിന്റെ ലോക്ക് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോ.എസ്. ആമിന സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷം മുട്ടിന് മുകളിൽവച്ച് മുറിച്ചുമാറ്റിയായിരുന്നു യുവാവിനെ രക്ഷിച്ചത്.
വലതുകൈപ്പത്തി ഉൾപ്പെടെയാണ് ഒരു ഭാഗമാണ് ചതഞ്ഞ് യന്ത്രത്തിൽ കുടുങ്ങി കിടന്നത്. ഏകദേശം ഒരു മണിക്കൂറോളം രക്തം വൻ തോതിൽ വാർന്ന് അവശ നിലയിൽ നിന്ന യുവാവിനു വൈദ്യ സംഘം എത്തുന്നതു വരെ ഗ്ലൂക്കോസും വെള്ളവും നൽകി ആശ്വസിപ്പിച്ചു നിർത്തി. ഇതിനുശേഷം മനുവിനെയും ഒടിഞ്ഞ് തൂങ്ങിയ കൈയും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
Post Your Comments