KeralaLatest NewsIndia

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്‌ഥാനാർത്ഥിയായി ജെയ്‌ക് സി തോമസ് തന്നെയെന്ന് സൂചന

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്‌ഥാനാർത്ഥിയായി ജെയ്‌ക് സി തോമസ് തന്നെ എന്ന് തീരുമാനിച്ചതായി മാധ്യമ വാർത്തകൾ. കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി സാറിന്റെ മകനായ ചാണ്ടി ഉമ്മനെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ഹൈക്കമാൻഡ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

മകൾ അച്ചു ഉമ്മനോ, മകൻ ചാണ്ടി ഉമ്മനോ എന്നതിൽ സന്ദേഹമുയർന്നിരുന്നെങ്കിലും വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്നും മത്സരത്തിലേക്കില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞതോടെ ഇക്കാര്യത്തിൽ വ്യക്തത വന്നിരുന്നു. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.

മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും. പഞ്ചായത്ത് ചുമതലകൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നൽകിയാണ് മണ്ഡലം പിടിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ ജെ തോമസിന് അകലക്കുന്നം, അയർകുന്നം പഞ്ചായത്തുകളുടെ ചുമതലയും നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനിൽകുമാറിന് മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെ ചുമതല നൽകി. ജില്ലാ സെക്രട്ടറി എ വി റസലിന് കൂരോപ്പട പഞ്ചായത്തിന്റെ ചുമതലയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button