മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തി. ഇത് എം.ഡി.എം.എയാണെന്നാണ് സംശയിക്കുന്നത്. പൊലീസ് പിടികൂടിയപ്പോൾ ഇയാൾ പൊതി വിഴുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.
ഇയാളുടെ ദേഹത്ത് 13 ഓളം പരിക്കുകളുണ്ടെങ്കിലും അത് പഴയതാണെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. രാസപരിശോധനഫലം വന്നാലേ മരണകാരണം വ്യക്തമാവൂ. മഞ്ചേരി മെഡി. കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ലഹരിക്കേസിൽ തിങ്കളാഴ്ച വൈകുന്നേരം പിടിയിലായ താമിർ ജിഫ്രിയെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴഞ്ഞുവീണു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അതേസമയം, മർദനമേറ്റാണ് മരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
Read Also : ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്: ഷൂ ഇട്ട് സ്കൂളിൽ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
ചൊവ്വാഴ്ച പുലർച്ച 1.45നാണ് ദേവധാർ ടോൾ ബൂത്തിനടുത്തുനിന്ന് താനൂർ പൊലീസ് മറ്റു നാലുപേർക്കൊപ്പം താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിമറഞ്ഞു. 18.5 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.
പുലർച്ച 4.20ഓടെ സ്റ്റേഷനിൽ കുഴഞ്ഞു വീണ യുവാവിനെ 4.30-ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നെന്നാണ് മലപ്പുറം ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments