ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള അസം സ്വദേശി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു. അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി പറഞ്ഞു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.പൊലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചിരുന്നു.
കൃത്യത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. പൊലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി.
പ്രതിയായ അസ്ഫാഖ് ആലം പെൺകുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയിൽ രണ്ടുദിവസം മുൻപാണ് താമസത്തിനെത്തിയത്. കഴിഞ്ഞദിവസം താമസിക്കുന്ന മുറിയിൽ വൈദ്യുതിയില്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷൻ വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. എന്നാൽ അയൽവീട്ടുകാർ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാർ സ്വദേശികളുടെ മകളെ വീട്ടിൽനിന്ന് കാണാതായത്.
സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽനിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനൽകിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയിൽനിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയിൽപാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസിൽ കയറി. തുടർന്ന് ഇയാൾ കുട്ടിയുമായി ആലുവ ബസ് സ്റ്റാൻഡിലെത്തി.
എന്നാൽ, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതിൽ വ്യക്തതയില്ലായിരുന്നു. പ്രതിയായ അസ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാൽ ഇയാളിൽനിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ലഹരി വിട്ടതോടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന് ഇയാൾ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ഇയാളുടെ മൊഴി കളവാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
Post Your Comments