Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

സെക്സിന്റെ 12 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ , പ്രായം കുറവ് തോന്നാനും ആയുസ് കൂട്ടാനും ഒരു അത്ഭുത മരുന്ന്

സെക്‌സ് വെറുമൊരു ശാരീരിക ആനന്ദം മാത്രമല്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ആരോഗ്യപരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങളാണ് മനുഷ്യര്‍ക്ക് ലഭിക്കുന്നത്.

ലൈംഗിക ബന്ധത്തിന്റെ പ്രധാനപ്പെട്ട 12 ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങളാണ് സെക്സിനുള്ളത്. ആരോഗ്യപരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും നന്നായി ഉറങ്ങാനുമൊക്കെ ആളുകളെ സഹായിക്കും. സെക്സിന്റെ ഏറെ പോസിറ്റീവായ 12 ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം..

അടുപ്പം വര്‍ധിപ്പിക്കും

സെക്സ് കേവലം ശരീരങ്ങള്‍ തമ്മിലുള്ള അടുപ്പമല്ല. പങ്കാളികള്‍ക്കിടയില്‍ അടുപ്പവും സ്നേഹവുമെല്ലാം വര്‍ധിപ്പിക്കാനും ബന്ധം ശക്തിപ്പെടുത്താനും സെക്സ് സഹായിക്കും. സെക്സിലൂടെയും രതിമൂര്‍ച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണാണ് വ്യക്തികള്‍ക്കിടയിലെ മാനസികമായ അടുപ്പം കൂടാന്‍ കാരണമാകുന്നത്. ഇവയെ ലവ് ഹോര്‍മോണ്‍ എന്നും വിളിക്കാറുണ്ട്. പങ്കാളികള്‍ക്കിടയിലെ വൈകാരികമായ അടുപ്പം ദൃഢപ്പെടുത്തുന്നതിലും സെക്സിനു വലിയ പങ്കുണ്ട്.

ടെന്‍ഷന്‍ കുറയ്ക്കും

ആധുനിക കാലത്ത് പലവിധ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മികച്ചൊരു ഉപാധി കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും, ഒപ്പം സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. സ്പര്‍ശനം, ആലിംഗനം എന്നിവയൊക്കെ മനസിന് ശാന്തത സമ്മാനിക്കുന്ന കാര്യങ്ങളാണ്.

മികച്ച ഉറക്കത്തിന്

ടെന്‍ഷനും ഉത്കണ്ഠകളും കാരണം നല്ല ഉറക്കം കിട്ടാതെ വരുന്നവര്‍ നിരവധിയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷമാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ നല്ല ഉറക്കം കിട്ടും. ലൈംഗിക ബന്ധത്തിനു ശേഷം ശരീരം പുറപ്പെടുവിക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ് ശരീരത്തിന് ശാന്തതയും ഉറക്കവും സമ്മാനിക്കുന്നത്. ഇതുവഴി നന്നായി ഉറങ്ങാനും രാവിലെ ഉണര്‍വോടെ എണീക്കാനും സാധിക്കും.

സെക്സ് എന്ന വേദനാസംഹാരി

വേദനകളെ കുറയ്ക്കാനുള്ള കഴിവുണ്ട് സെക്സിന്. എങ്ങനെയെന്നല്ലേ? ലൈംഗിക ബന്ധത്തിനിടെ രതിമൂര്‍ച്ഛയിലെത്തുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണിന്റെ അളവ് അഞ്ച് മടങ്ങ് വര്‍ധിക്കുകയാണ്. ഈ ഹോര്‍മോണുകള്‍ക്ക് വേദനകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

മികച്ച രോഗപ്രതിരോധ ശേഷി

ആളുകളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സെക്സിനു സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ആന്റിബോഡി ഇമ്യൂണോഗ്ലോബുലിന്‍ എ യുടെ അളവ് വര്‍ധിക്കുകയാണ്. ഇതിന് ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ആരോഗ്യപരമായ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാസത്തിലൊരിക്കലോ അപൂര്‍വമായോ മാത്രം സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരേക്കാള്‍ മികച്ച ഹൃദയാരോഗ്യം ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പുരുഷന്മാരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.

ആയുസ് കൂട്ടും

ആയുര്‍ദൈര്‍ഘ്യം കൂട്ടാനുള്ള കഴിവും സെക്സിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രതിമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇതിന് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരകോശങ്ങളെ നന്നാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും രതിമൂര്‍ച്ഛ അനുഭവിക്കുന്ന പുരുഷന്മാര്‍ മാസത്തിലൊരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

മെച്ചപ്പെട്ട രക്തചംക്രമണം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരാളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുന്നു. അതുവഴി അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ശുദ്ധരക്തം പമ്പ് ചെയ്യപ്പെടുന്നു. മികച്ച രീതിയില്‍ രക്തചംക്രമണം നടക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

സെക്സ് വ്യായാമത്തിനു സമം

ഓരോ തവണ സെക്സില്‍ ഏര്‍പ്പെടുമ്പോഴും ധാരാളം കലോറി എരിച്ചു കളയുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു വ്യായാമത്തിലൂടെ ലഭിക്കുന്ന ശാരീരികമായ ഗുണങ്ങള്‍ സെക്സിലൂടെയും ലഭിക്കുന്നുണ്ട്.

നല്ല ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു

സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയുടെ അളവ് വര്‍ധിക്കുന്നു. പുരുഷന്മാരെ സംബന്ധിച്ച് വളരെ ഗുണപ്രദമായ ഒന്നാണ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍. ഇത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. സ്ത്രീകളില്‍, ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ് സെക്സിലൂടെ ഉത്തേജിപ്പിക്കപ്പെടുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ക്ക് സ്ത്രീകളുടെ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകമായൊരു റോളുണ്ട്.

വിഷാദസാധ്യത കുറയ്ക്കും

വിഷാദം പോലുള്ള അവസ്ഥകളില്‍ നിന്നും മോചനം നല്‍കാനും സെക്സിനാവും. സെക്സ് സന്തോഷകരമായ ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നേരത്ത് തലച്ചോര്‍ പുറത്തുവിടുന്ന രാസവസ്തുക്കള്‍ സെറാടോണിന്റെ അളവ് വര്‍ധിപ്പിക്കുകയാണ്. ഇത് ഒരു ന്യൂറോ ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ പ്രധാന ആന്റീഡിപ്രസന്റ് രാസവസ്തുക്കളില്‍ ഒന്നാണിത്. ഇവയ്ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.

ആര്‍ത്തവകാല പ്രശ്നങ്ങള്‍ കുറയ്ക്കും

ആര്‍ത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍, തലവേദന പോലുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സെക്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button