ബെംഗളൂരു: രാജ്യത്ത് ഏറ്റവും വിപണി മൂല്യം കൽപ്പിക്കപ്പെടുന്ന യൂണികോൺ കമ്പനിയായ ബൈജൂസ് നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അക്കൗണ്ട് കണക്കുകളിലെ ചേർച്ചയില്ലായ്മ, വായ്പ ദാതാക്കളുമായുള്ള ഇടപാട്, ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ, 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രസിദ്ധീകരിച്ചിട്ടില്ല എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ബൈജൂസ് നേരിടുന്നതിനിടെയാണ് ബെംഗളൂരുവിലെ ഏറ്റവും വലിയ ഓഫീസ് അടച്ചുപൂട്ടുന്നു എന്ന റിപ്പോർട്ട്. ബംഗളൂരുവില്‍ മൂന്ന് ഓഫീസുകളാണ് ബൈജൂസിന് ഉള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക്കിലെ പ്രോപ്പര്‍ട്ടിയാണ് ഇപ്പോള്‍ ഒഴിഞ്ഞിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതല്‍ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ അല്ലെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനോ ബൈജൂസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ ഒമ്പത് നിലകളില്‍ രണ്ടെണ്ണം വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈയില്‍ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയമായിരുന്നു. ഈ സമയത്ത് നിക്ഷേപകരുടെ മുന്നില്‍ പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ദുബൈയില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. മിഡില്‍ ഈസ്റ്റേണ്‍ നിക്ഷേപകരില്‍ നിന്ന് 1 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ബൈജുവിന് പൊട്ടിക്കരയേണ്ട സാഹചര്യമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്‍റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്‍റെ വസതിയിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി’നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Post Your Comments