ദീർഘ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഗോ ഫസ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ചാർട്ടർ സർവീസുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, അടുത്തയാഴ്ച മുതൽ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെയാണ് ഗോ ഫസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
സ്വമേധയാ പാപ്പരാത്ത ഹർജി ഫയൽ ചെയ്ത ഗോ ഫസ്റ്റ് ഇതിനോടകം നിരവധി ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് നേടിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ഫണ്ട് ലഭിക്കുന്ന പക്ഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് വീണ്ടും സർവീസുകൾ ആരംഭിക്കുന്നത്. ഏകദേശം 11,463 കോടി രൂപയുടെ ബാധ്യതകളാണ് ഗോ ഫസ്റ്റിന് ഉള്ളത്.
61 വിമാനങ്ങൾ ഉള്ള കമ്പനി 28 വിമാനങ്ങളുടെ സർവീസ് നിർത്തിയിരിക്കുകയാണ്. വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായുള്ള പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച പ്രധാന ഘടകം. രാജ്യത്തെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിൽ ഒന്നുകൂടിയാണ് ഗോ ഫസ്റ്റ്.
Post Your Comments