പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണകള്‍ പരമാവധി ആരോഗ്യത്തിന് നല്ലതായിരിക്കണമെന്ന് ഏവരും ശ്രദ്ധിക്കാറുണ്ട്. മിക്കവാറും നമ്മള്‍ മലയാളികള്‍ പാചകത്തിന് ഏറെയും ഉപയോഗിക്കാറ് വെളിച്ചെണ്ണയാണ്. മിതമായ അളവിലാണ് ഉപയോഗിക്കുന്നതെങ്കില്‍ വെളിച്ചെണ്ണ ആരോഗ്യത്തിന് കാര്യമായ ഭീഷണിയൊന്നും ഉയര്‍ത്തില്ല.
എങ്കിലും പലരും വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് ഓയിലുകളെ ആശ്രയിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളിലെ കരുതല്‍ തന്നെ ഇതിന് കാരണം. ചിലരാകട്ടെ വറുത്തതും പൊരിച്ചതുമായ, എണ്ണ കൂടുതലായി വേണ്ടിവരുന്ന വിഭവങ്ങള്‍ കഴിയുന്നതും ഡയറ്റില്‍ നിന്നൊഴിവാക്കും. അങ്ങനെ വരുമ്പോള്‍ വെല്ലുവിളി ഇല്ലല്ലോ.
പാകത്തിന് എണ്ണ പോലെ തന്നെ നെയ്യും വെണ്ണയുമെല്ലാം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ സാധാരണനിലയില്‍ ചില വിഭവങ്ങള്‍ക്ക് മാത്രമേ ഇവയെല്ലാം ഉപയോഗിച്ചുകാണാറുള്ളൂ. ചിലരാകട്ടെ കുക്കിംഗ് ഓയിലും നെയ്യും ഒരുമിച്ച് ചേര്‍ത്തും പാചകത്തിന് ഉപയോഗിക്കും.
ഭക്ഷണത്തിന് കൂടുതല്‍ രുചി കിട്ടാനും, ഭക്ഷണം ഒന്നുകൂടി മൃദുലമാകുന്നതിനുമാണ് ഇത്തരത്തില്‍ നെയ്യും എണ്ണയും ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിക്കുന്നതത്രേ. എന്നാല്‍ ഇങ്ങനെ നെയ്യും എണ്ണകളും ഒരുമിച്ച് പാചകത്തിന് ഉപയോഗിക്കുന്നത് നല്ലതാണോ? അല്ലെങ്കില്‍ ഈ രീതി ആരോഗ്യത്തിന് അപകടമാണോ?
ആരോഗ്യവിദഗ്ധര്‍ പറയുന്നത് നെയ്യും ഓയിലും കൂട്ടിച്ചേര്‍ത്ത് പാചകത്തിന് എടുക്കേണ്ട എന്നാണ്. കാരണം നെയ്യിന്‍റെയും മറ്റ് എണ്ണകളുടെയുമെല്ലാം സ്മോക്കിംഗ് പോയിന്‍റുകള്‍- അഥവാ മുഴുവനായി ചൂടാകാൻ എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. സ്മോക്കിംഗ് പോയന്‍റ് കടന്നും എണ്ണ ചൂടായിക്കൊണ്ടിരുന്നാല്‍ എണ്ണ വിഘടിച്ച് ഇതില്‍ നിന്ന് ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാം.
രണ്ട് തരം എണ്ണകള്‍, അത് നെയ്യ് ആയാല്‍ പോലും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായും സ്മോക്കിംഗ് പോയന്‍റുകള്‍ തമ്മിലുള്ള വ്യത്യാസം മൂലം അത് അനാരോഗ്യകരമായി മാറാം. സ്മോക്കിംഗ് പോയന്‍റ് കടന്ന് എണ്ണ ചൂടാകുമ്പോള്‍ ഒരു നീല നിറത്തിലുള്ള പുകയാണ് ഇതില്‍ നിന്ന് വരിക. ഇത് അനാരോഗ്യകരമായ ഘട്ടമാണെന്ന് തിരിച്ചറിയണം.
അതേസമയം ദീര്‍ഘനേരം അടുപ്പത്ത് വച്ച് പാകം ചെയ്തെടുക്കേണ്ട വിഭവങ്ങള്‍ക്ക് സ്മോക്കിംഗ് പോയന്‍റ് അധികമുള്ള എണ്ണ തെരഞ്ഞെടുക്കാം. ഇത് കുറെക്കൂടി സുരക്ഷിതമായ മാര്‍ഗമാണ്. അതുപോലെ ഏത് വിഭവത്തിനായാലും ഇഷ്ടമുള്ള ഓയില്‍ തെരഞ്ഞെടുക്കാം. പക്ഷേ അത് മറ്റ് ഓയിലുകളുമായി ചേര്‍ത്ത് ചൂടാക്കുന്നത് നല്ലതല്ല.
Post Your Comments