Latest NewsKeralaNews

65 പാർട്ടി ഗുണ്ടകളെക്കൊണ്ട് വീട് വളയിപ്പിച്ചു, കൊന്നു കളയുമെന്ന് ഭീഷണി: സിപിഎം ഭീകരത വെളിപ്പെടുത്തി മനു കൃഷ്ണ, കുറിപ്പ്

എട്ടു കാലി മമ്മൂഞ്ഞുകളായ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു അതിൽ കയ്യിട്ട് വരാനുള്ള ശ്രമം നടത്തി

കണ്ണൂർ : കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ഭീകരതകൾ പങ്കുവച്ച് സിനിമാ സംവിധായകൻ മനു കൃഷ്ണ. ഇവിടുത്തെ പാർട്ടി ലോക്കൽ നേതാവിന് വളർന്നു വരുന്ന സംരഭകരോടോ കലാകാരന്മാരോടോ അസൂയ തോന്നിയാൽ പിന്നെ അവരുടെ കുടുംബം നശിപ്പിക്കുമെന്നും പാർട്ടി ഗ്രാമങ്ങളിൽ ഒരാൾക്ക് മൂത്രമൊഴിക്കണമെങ്കിൽപോലും എട്ടാം ക്ലാസും ഗുസ്തിക്കാരുമായ ഈ പാർട്ടി നേതാക്കളുടെ അനുമതി വേണമെന്ന അവസ്ഥയാണെന്നും എന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

തനിക്ക് അത്തരമൊരു അനുഭവം പാർട്ടി പ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും മനു കൃഷ്ണ പറഞ്ഞു. കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മൽ പുഞ്ചവയൽ റോഡ് ടാർ ചെയ്യാൻ വേണ്ടി മുൻകൈ എടുത്തതിനാണ് നാട്ടിലെ പാർട്ടി നേതാക്കൾ മുഴുവൻ തനിക്കെതിരെ തിരിഞ്ഞത്. റോഡിന്റെ ശോചനീയാവസ്ഥ എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ഇത് ടാർ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. അതറിഞ്ഞപ്പോൾ എട്ടു കാലി മമ്മൂഞ്ഞുകളായ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു അതിൽ കയ്യിട്ട് വരാനുള്ള ശ്രമം നടത്തി. വിജിലൻസിന് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രാദേശിക നേതാവായ ടിവി ലക്ഷ്മണൻ 65 പാർട്ടി ഗുണ്ടകളെക്കൊണ്ട് വീട് വളയിപ്പിച്ചു. വീടിനകത്തു കയറി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. ഇനി നിന്റെ മകൻ റോഡിന്റെ കാര്യത്തിൽ ഇടപെട്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

read also: നടുക്കടലിൽ വെച്ച് പക്ഷാഘാതം സംഭവിച്ച നാവികന് രക്ഷകരായി തീര സംരക്ഷണ സേന: സംഭവം ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഭീകരതയുടെ പര്യായങ്ങൾ ആണ്. അതിന്റെ ഭീകരത ഇനിയെങ്കിലും പുറം ലോകം അറിയേണ്ടതുണ്ട്. ഇവിടത്തെ പാർട്ടി ഗ്രാമങ്ങളിൽ ഏതെങ്കിലും വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ലോക്കൽ നേതാവിന് വളർന്നു വരുന്ന സംരഭകരോടോ കലാകാരൻ മാരോടോ അല്ലെങ്കിൽ വിദേശത്ത്‌പോയി കഷ്ടപ്പെട്ട് കാശ് സാമ്പാദിച്ചു വന്ന പ്രവാസികളോടോ അസൂയ തോന്നിയാൽ അതോടെ ആ വ്യക്തി യുടെതെന്നല്ല അയാളുടെ കുടുംബത്തെ വരെ നശിപ്പിക്കും..

ആരും തങ്ങളെക്കാൾ വളരുന്നത് ഇവിടത്തെ പാർട്ടിക്കാർ അംഗീകരിക്കില്ല.. ആദ്യം വരുതിക്കു നിർത്താൻ ശ്രമിക്കും നടന്നില്ലെങ്കിൽ ഭീഷണി, അക്രമം,കൊല്ലാകൊല, ആത്മഹത്യ ചെയ്യിപ്പിക്കൽ ഇതൊക്കെ ആണ് കലാപരിപാടികൾ.. പാർട്ടി ഗ്രാമങ്ങളിൽ ഒരാൾക്ക് മൂത്രമൊഴിക്കണമെങ്കിൽ പോലും എട്ടാം ക്ലാസും ഗുസ്തിക്കാരുമായ ഈ പാർട്ടി നേതാക്കളുടെ അനുമതി വേണം.ഭയം കൊണ്ടാണ് പലരും ഈ നേതാക്കളുടെ ചെയ്തികൾ പുറത്തു പറയാതിരിക്കുന്നത്. അതുപോലെ ഇവരുടെ അപ്രീതിക്ക് പാത്രമായ ഒരാളാണ് ഞാൻ.

ഞാൻ ചെയ്ത തെറ്റ് എന്താണ് എന്ന് വെച്ചാൽ കണ്ണപുരം പഞ്ചായത്തിൽ 1976 ൽ നിർമ്മിച്ച പിന്നീടാരും തിരിഞ്ഞു നോക്കാത്ത റോഡ് ഒരാൾ ഇറങ്ങി നിന്നാൽപോലും കാണാൻ സാധിക്കാത്ത അത്ര വലിയ കുഴി ഉള്ള റോഡ് താർ ചെയ്യാൻ വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിച്ചു എന്നുള്ളതാണ്. കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മൽ പുഞ്ചവയൽ റോഡ് നിർമ്മിച്ചതിനു ശേഷം യാതൊരു വിധ നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടില്ല.1995 ൽ ജനകീയസൂത്രണം നടപ്പാക്കിയപ്പോൾ ആദ്യത്തെ ഗ്രാമസഭയിൽതന്നെ ഞങ്ങൾ ഈ റോഡിന്റെ വിഷയം ഉന്നയിച്ചിരുന്നതാണ്. അന്ന് പറഞ്ഞത് റോഡിനു അംഗീകാരം ഇല്ല എന്നാണ്. എന്നാൽ അത് കളവാണ് എന്ന് പിന്നീട് വിവരാവകാശപ്രകാരം കിട്ടിയ മറുപടി പ്രകാരം അറിയാൻ കഴിഞ്ഞു.

അതിന് ശേഷം ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ട് മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചെങ്കിലും ഫണ്ടില്ല എന്ന പതിവ് പല്ലവി ആണ് കേട്ടുകൊണ്ടിരുന്നത്.. അതിനു ശേഷം കണ്ണപുരം പഞ്ചായത്തിൽ നിർമ്മിച്ച എല്ലാം റോഡുകളും താർ ചെയ്തിട്ടും ഞങ്ങളുടെ റോഡ് മാത്രം താർ ചെയ്തില്ല അതിന് കാരണം ആ റോഡിന്റെ ഉപയോക്ത്താക്കളായി രണ്ട് മൂന്നു കോൺഗ്രസ് കുടുംബങ്ങൾ ഉണ്ടെത്രെ.

അങ്ങനെ 2021 ആയി എന്നിട്ടും ഒരു നേതാവും ഒന്നും ചെയ്തില്ല. നികുതി ദായകരും വോട്ടർമാരുമായ ഞങ്ങൾക്കും ചിലഅവകാശങ്ങൾ ഉണ്ട് എന്നബോധ്യം ഉള്ള തിനാൽ ആ റോഡിന്റെ ഇരു വശവും ഉള്ള ആളുകളെ വിളിച്ചുകൂട്ടി ഞാൻ ഒരു കർമ്മ സമിതി ഉണ്ടാക്കി പ്രവർത്തിച്ചു.. അവിടെ ലോക്കൽ സെക്രട്ടറി ആയിരുന്ന ഞാൻ നേരത്തെ പറഞ്ഞ പ്രകാരമുള്ള നേതാവ് ടിവി. ലക്ഷ്മണൻ അന്ന് പറഞ്ഞത് ഇവൻ എവിടെ വരെ പോകും എന്ന് നോക്കാം എന്നാണ്. അങ്ങനെ ഞങ്ങൾ ആ റോഡ് ഉപയോഗിക്കുന്ന 150 പേരുടെ വീട്ടിൽ ചെന്ന് ഒപ്പ് ശേഖരിച്ചു ആദ്യം പഞ്ചായത്ത് മെമ്പർക്ക് കൊടുത്തു. മെമ്പർ കൈ മലർത്തി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടു നിവേദനം കൊടുത്തു. അപ്പോൾ പ്രസിഡന്റ് പറഞ്ഞത് നിങ്ങൾ പറഞ്ഞാലൊന്നും ഞങ്ങൾ ചെയ്യില്ല.. അതിന് നമുടെ ആൾക്കാർ ഉണ്ട് എന്നാണ്. എന്നിട്ട് നിങ്ങളുടെ ആൾക്കാർ എന്ത്‌കൊണ്ട് ഇതുവരെ ചെയ്തില്ല എന്ന് ചോദിച്ചപ്പോൾ ഭീഷണിയാണ് പ്രസിഡന്റിൽ നിന്ന് ഉണ്ടായത്. ഞങ്ങൾ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അപ്പോൾ ടിവി ലക്ഷ്മണൻ അദ്ദേഹത്തിന്റെ ബന്ധുവായ പാലൻങ്ങാടൻ മണികണ്ടനെ ഉപയോഗിച്ച് കമ്മിറ്റിപൊളിക്കാൻ ശ്രമിച്ചു പിന്നീട് പലരെയും ഭീഷണിപ്പെടുത്തി ജീവനെ ഭയന്ന് പലരും പിന്മാറി. ഇവർ എന്തും ചെയ്യും എന്നറിഞ്ഞുകൊണ്ട് തന്നെ ഞാൻ പ്രവർത്തിച്ചു

അങ്ങനെ അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ. ടിവി. രാജേഷിനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി.. അദേഹത്തിന്റെ മണ്ഡലത്തിൽ ഇത്രയും മോശമായ ഒരു റോഡുണ്ടാവില്ല എന്ന് പറഞ്ഞു. സത്യാവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം റോഡ് വൃത്തിയായി താറു ചെയ്യാൻ 272200 രൂപ പാസ്സാക്കി.. അതറിഞ്ഞപ്പോൾ എട്ടു കാലി മമ്മൂഞ്ഞ് കളായ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു അതിൽ കയ്യിട്ട് വരാനുള്ള ശ്രമമായി. കോൺട്രാക്ടറുമായി ചേർന്ന് ഒപ്പിച്ചു പണിപൂർത്തികരിക്കാനുള്ള ശ്രമം നടക്കുന്നു എന്നറിഞ്ഞപ്പോൾ വിജിലൻസിൽ പരാതി കൊടുക്കും എന്ന് ഞാൻ കോൺട്രറോഡ് പറഞ്ഞു. അത് കോൺട്രാക്ടർ ടിവി ലഷ്മണനെ അറിയിച്ചു. പിന്നീട് ഞാൻ എന്റെ വീട്ടിൽ നിന്ന് രാവിലെ ചായകുടിച്ചുകൊണ്ടിരുന്നപ്പോൾ ടിവി ലക്ഷ്മണൻ അദ്ദേഹത്തിന്റെ ബന്ധുവായ പുത്തെൻ വീട്ടിൽ രാജേഷും മകനും ഉൾപ്പെടെ 65 പാർട്ടി ഗുണ്ടകളെക്കൊണ്ട് വീട് വളയിപ്പിച്ചു.. എന്നിട്ടും വീട്ടിലെ ചെടിച്ചട്ടിയും മറ്റും കല്ലെടുത്തിട്ട് പൊട്ടിച്ചു വീടിനകത്തു കയറി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ഇനി നിന്റെ മകൻ റോഡിന്റെ കാര്യത്തിൽ ഇടപെട്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. അമ്മയെ അത്രയും മോശമായ രീതിയിൽ അസഭ്യം പറഞ്ഞു.. അതിനു മറ്റൊരു കാരണം കൂടി ഉണ്ട് ടിവി ലഷ്മണൻറെ ബന്ധുക്കളും മറ്റു ചില പാർട്ടിക്കാരും റോഡ് കയ്യേറിയിട്ടുണ്ടായിരുന്നു.അതിനെതിരെ പഞ്ചായത്തിലും RDO യ്ക്കും കളക്ടർക്കും പരാതി കൊടുത്തിട്ടുണ്ടായിരുന്നു. എന്നിട്ടും യാതൊരു നടപടിയും എടുത്തില്ല എന്ന് മാത്രമല്ല RDO യുടെ ഉത്തരവിന് യാതൊരു വിലയും കല്പിച്ചില്ല.

തുടർന്ന് എന്റെ വീടാക്രമിച്ചവർക്കെതിരെ ഞാൻ കോടതിയിൽ കേസ് കൊടുത്തു..അതുപോലെ പഞ്ചായത്തിലെ ക്രമക്കേടുകൾക്കെതിരെ ലോകായുക്തക്ക് പരാതി കൊടുത്തു..7 ലക്ഷം രൂപയുടെ പണിപോലും നടത്താതെ ബാക്കിപൈസ പോക്കറ്റിൽ ആക്കിയതിനെതിരെ വിജിലൻസിൽ പരാതികൊടുത്തു. അതിനു ശേഷം ഞാൻ എന്റെ ജീവിത മാർഗ്ഗമായ സിനിമ ചെയ്യാൻ വേണ്ടി പോയി. ഇവർ എന്നെ ഉപദ്രവിക്കും എന്നറിയുന്നത്‌കൊണ്ട് തന്നെ അതൊഴിവാക്കാൻ പു. ക. സ യുടെ പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെവി. ശ്രീധരനെ ഞാൻ എന്റെ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിനു പാട്ടെഴുതാൻ അവസരം കൊടുത്തു. മകളെ മേക്കപ്പ് അസിസ്റ്റന്റ് ആയി വെക്കണം എന്ന് പറഞ്ഞു അതും സമ്മതിച്ചു. മകനെ അസിസ്റ്റന്റ് ഡയറക്ടർ ആയി വെക്കണം എന്ന് പറഞ്ഞു ഞാൻ അതും സമ്മതിച്ചു അങ്ങനെ സിനിമയുടെ പൂജ ജൂലൈ ഒന്നിനു നിശ്ചയിച്ചു. ഷൂട്ട് ജൂലൈ 28 നു തീരുമാനിച്ചു.

അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കെവി ശ്രീധരൻ പറയുന്നു പ്രൊഡ്യൂസർ മാരെ പാർട്ടി വിലക്കിയിട്ടുണ്ട് എന്ന്. ഞാൻ അവർക്കെതിരെ കൊടുത്ത എല്ലാം കേസും പിൻവലിച്ചാൽ മാത്രമേ സിനിമ ചെയ്യാൻ സമ്മതിക്കു എന്ന്. അതിനു ഞാൻ തന്നെ മുൻകൈ എടുത്ത് പാർട്ടിക്ക് കത്ത് കൊടുക്കണമെന്ന്. ഞാൻ പറഞ്ഞു എന്റെ വീടാക്രമിച്ചു എന്റെ അമ്മയെ അപമാനിച്ചകേസ് ഞാൻ മുകൈ എടുത്ത് പിൻവലിക്കണം അല്ലേ. സാധിക്കില്ല എനിക്ക് എന്റെ അമ്മയാണ് ഏറ്റവും വലുത്.1000 സിനിമ ഉപേക്ഷിക്കേണ്ടി വന്നാലും ആ കേസ് പിവലിക്കില്ല എന്ന് മാത്രമല്ല ഒരു കേസും പിവലിക്കില്ല എന്ന്. അതും സിനിമയും തമ്മിൽ ഒരു ബന്ധവുമില്ല.എന്റെ വ്യക്തിപരമായ കാര്യം ആണ്.അത് വേറെ നമുക്ക് ചർച്ച ചെയ്തു പരിഹരിക്കാം. എന്റെ കുടുംബത്തെ ഇനി ഉപദ്രവിക്കില്ല എന്ന് എഴുതിഒപ്പിട്ട് തന്നാൽ അതേക്കുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞു. അപ്പോൾ കെവി. ശ്രീധരൻ പറഞ്ഞു എന്നാൽ സിനിമ നടക്കില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ നിന്ന് സിനിമ ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല എന്ന്. ഇതിനൊക്കെ നിരവധി സാക്ഷികൾ ഉണ്ട്.

പിന്നീട് പാർട്ടിക്കാരനായ എന്റെ ഒരു സുഹൃത്തു പറഞ്ഞു ഇപ്പോഴത്തെ ലോക്കൽ സെക്രട്ടറി ടികെ. ദിവാകരൻ അടക്കമുള്ള ആളുകൾ ചേർന്ന് നടത്തിയ ഗൂഡാലോചന ആണിതെന്നും.. നീ കേസ് പിൻവലിച്ചുകൊടുത്തുരുന്നു എങ്കിൽപോലും നിന്നെ സിനിമ ചെയ്യാൻ അനുവദിക്കില്ല.. നിന്നെ വളരാൻ അവർ വിടില്ല എന്ന് അവർ തീരുമാനിച്ചിട്ടുണ്ട് എന്ന്. അങ്ങനെ സിനിമ ഇല്ലാതാക്കിയത് വഴി ഒരു പാട് പേരുടെ അന്നം മുട്ടിച്ചു.. സ്വപ്നങ്ങൾ തകർത്തു. ജീവിതം വഴിമുട്ടി.അതിനു ശേഷം ഇവർ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന് മനസ്സിലാക്കിയ ഞാൻ അത് വരെ അടിമുടി പാർട്ടി കുടുംബമായിരുന്ന 70 വയസ്സ് വരെ ഈ പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിച്ച എന്റെ അമ്മ ഉൾപ്പെടെ കുടുംബത്തോടെ ബിജെപി യിൽ ചേർന്നു.. അല്ലെങ്കിൽ അന്തൂർ സാജനെപോലെ എന്നെയും കുടുംബത്തെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു. അതിന് ശേഷവും ടിവി ലഷ്മണന്റെയും കൂട്ടരുടെയും കലിപ്പ് തീർന്നില്ല.. കള്ളക്കേസും.. വധ ഭീഷണിയുമൊക്കെ ഇപ്പോഴും തുടരുന്നു. ഭരണ സ്വാധീനം ഉപയോഗിച്ച് മൊത്തം മിഷനറിയെയും ഉപയോഗിച്ച് അഴിമതി കേസ് തേച്ച് മായിച്ചു കളയാനും.. ലോകായുക്തയെ വരെ സ്വാധീനിക്കാനുമുള്ള ശ്രമം നടത്തി വരുന്നുണ്ട്..

വിജിലൻസ് ഒക്കെ കയ്യിൽ ആയത്‌കൊണ്ട് കേസ് തെളിയും എന്ന് കരുതുന്നില്ല.. പക്ഷേ കോൺക്രീറ്റ് ആയ തെളിവ് എന്റെ കയ്യിൽ ഉള്ളത്‌കൊണ്ടും ഇന്ത്യകമ്മ്യൂണിസ്റ്റ് രാജ്യ മല്ലാത്തത് കൊണ്ടും കോടതികൾ ഉള്ളത് കൊണ്ടും സത്യം പുറത്തു വരിക തന്നെ ചെയ്യും. ഭീഷണിയെ ഞാൻ ഭയക്കുന്നില്ല. പോരാട്ടം തന്നെ ആണ് മാർഗ്ഗമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പഞ്ചായത്ത് റോഡ് മര്യാദയ്ക്ക് താറിടാൻ സമ്മതിക്കാത്തവരാണ് കെ റെയിലിനു വേണ്ടി വാദിക്കുന്നത്.വികസനം മുടക്കിയും, സ്ഥാപനങ്ങൾ പൂട്ടിച്ചും, വ്യാസങ്ങളെ നശിപ്പിച്ചും, ബസ് മുതലാളി മാരെകുത്തു പാള എടുപ്പിച്ചും..പ്രവാസികളെ പിഴിഞ്ഞു പിച്ചചട്ടി എടുപ്പിച്ചും നിങ്ങൾ നിങ്ങളുടെ ജൈത്ര യാത്ര തുടരുക. നിങ്ങൾ നേതാക്കന്മാർക്കും മക്കൾക്കും ബന്ധുക്കൾക്കും സുഖമായി ജീവിക്കാൻ പാവങ്ങളെ കുരുതി കൊടുക്കുക… ഒന്ന് മാത്രമേ ഓർമ്മിപ്പിക്കാനുള്ളു കാലം ആരോടും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല.????

shortlink

Related Articles

Post Your Comments

Related Articles


Back to top button