ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോൾ മുഖാന്തരം കോൾ ഇന്ത്യ ലിമിറ്റഡ് റിട്ടയേർഡ് സീനിയർ മാനേജർ കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പോലീസ് എസ്.ഐ പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് യാത്ര തിരിക്കും. 40,000 രൂപയാണ് വ്യാജ വീഡിയോ കോൾ മുഖാന്തരം തട്ടിയെടുത്തത്.
രാധാകൃഷ്ണനിൽ നിന്നും നഷ്ടമായ തുക അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പേയ്മെന്റ് അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ തുക മഹാരാഷ്ട്ര ആസ്ഥാനമായ രത്നാകർ ബാങ്കിന്റെ ഗോവ ശാഖയിലാണ് നിക്ഷേപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിക്കുന്നത്. ഗോവയിൽ പ്രവർത്തിക്കുന്ന ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ട് വഴിയാണ് തുക രത്നാകർ ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ ട്രേഡിംഗ് കമ്പനിയിൽ നിരവധി പേർക്കാണ് ഷെയർ ഉള്ളത്. ഇതിൽ ആരെങ്കിലും ഒരാളാകം തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Also Read: ഇന്നും മഴ ശക്തമാകും, 9 ജില്ലകളിൽ ജാഗ്രത നിർദ്ദേശം: 3 ജില്ലകളിൽ അവധി
പണം നിക്ഷേപിച്ച അക്കൗണ്ടും, കോൾ ചെയ്യാൻ ഉപയോഗിച്ച വാട്സ്ആപ്പ് നമ്പറും അഹമ്മദാബാദ് സ്വദേശിയുടെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വ്യാജ രേഖകൾ ഉപയോഗിച്ച് ഫോൺ നമ്പർ എടുക്കാൻ സാധ്യതയുള്ളതിനാൽ പ്രതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനായി ഐപി അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാൻ പോലീസ് വാട്സ്ആപ്പിനെ സമീപിച്ചിരിക്കുകയാണ്.
Post Your Comments