രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 4150.19 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 50.62 ശതമാനം അധികമാണ് അറ്റാദായം ഉയർന്നത്. സ്റ്റാന്റലോൺ അടിസ്ഥാനത്തിൽ അറ്റാദായം 66.7 ശതമാനം ഉയർന്ന് 3,452 കോടി രൂപയായിട്ടുണ്ട്. ഈ വിഭാഗത്തിൽ 53 ശതമാനം മാത്രം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് പുതിയ നേട്ടം കൈവരിച്ചത്.
അറ്റപലിശ വരുമാനം 33 ശതമാനം ഉയർന്ന് 6,234 കോടി രൂപയായിട്ടുണ്ട്. കൂടാതെ, അറ്റപലിശ മാർജിൻ 5.57 ശതമാനമാണ് ഉയർന്നത്. ഇത്തവണ 59,431 കോടിയുടെ നിക്ഷേപമാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, 3.37 ലക്ഷം കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. മുൻ വർഷം സമാന പാദത്തെ അപേക്ഷിച്ച് യഥാക്രമം 8 ശതമാനവും, 19 ശതമാനവും കൂടുതലാണിത്. അറ്റനിഷ്ക്രിയ ആസ്തി മുൻ വർഷം സമാനപാദത്തിലെ 0.69 ശതമാനത്തിൽ നിന്നും 0.43 ശതമാനമായി കുറഞ്ഞത് ഗുണം ചെയ്തിട്ടുണ്ട്.
Post Your Comments